മങ്കൊന്പ് : കുട്ടനാട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും രണ്ടരക്കിലോയിലധികം തൂക്കമുള്ള പാൽക്കൂണ് കണ്ടെത്തി. മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രം നടത്തിയ സർവേയിലാണ് നടുഭാഗം കെ.എ. മാത്യു കാട്ടാന്പള്ളിയുടെ പുരയിടത്തിൽ വളർന്ന കൂണ് കണ്ടെത്തിയത്.
പാൽക്കൂണ് വിഭാഗത്തിൽപ്പെടുന്ന കാലോ സൈബി സ്പീഷീസിനത്തിൽപ്പെട്ട കൂണിന് 2.600 കിലോഗ്രാം തൂക്കവും 47 സെന്റിമീറ്റർ വ്യാസവുമുണ്ട്. ഭക്ഷ്യയോഗ്യമായ കൂണാണിതെന്ന് വെള്ളായണി കാർഷിക കോജിലെ പ്രഫ. ഡോ.ഡി. ഗീത സ്ഥിരീകരിച്ചു.
കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സാന്പത്തിക സഹായത്തോടെ കുട്ടനാട്ടിലെ തനതു കൂണിനങ്ങളെ തിരിച്ചറിയുക എന്ന പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തിയതെന്ന് നെല്ലുഗവേഷണ കേന്ദ്രം മേധാവി ഡോ. റീനാ മാത്യു പറഞ്ഞു. കൂണിന്റെ കൾച്ചർ വേർതിരിച്ചെടുത്തിട്ടുണ്ട്. കൂണിന്റെ മാതൃവിത്ത് വികസിപ്പിച്ചെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന കൃഷി വിജയകരമായാൽ കർഷകർക്ക് മുതൽക്കൂട്ടാകുമെന്നും ഡോ. റിനാ മാത്യു പറഞ്ഞു.
സസ്യരോഗ വിഭാഗം അസി. പ്രഫ. ഡോ. റീനി മേരി സഖറിയ, സീനിയർ റിസർച്ച് ഫെല്ലോ കെ. ദീപ, കർഷകനായ തോമസ് കുര്യൻ കിഴക്കുംവേലിത്തറ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്.