ഗാന്ധിനഗർ: എരുമേലിക്കടുത്ത് കനകപ്പലത്ത് വനത്തിൽ നിന്ന് ശേഖരിച്ച കൂണ് കറി വച്ച് കഴിച്ച് അവശനിലയിലായ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചക്കുറവും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
എരുമേലി കനകപ്പലം മാളിക വീട്ടിൽ, ഷിജുവിന്റെ ഭാര്യ ഗീതു (28), കനകപ്പലത്ത് ഹോട്ടൽ നടത്തുന്ന കോട്ടോ കാവനാൽ ബേബിച്ചൻ (48), ഭാര്യ ഷൈനി (45), മകൾ റിൻസി മോൾ (12), ഹോട്ടലിലെ തൊഴിലാളി ഓമല്ലൂർ സ്വദേശി പുരുഷോത്തമൻ (45), കനകപ്പലം വാഴക്കാലായിൽ റിനോഷ് (44), ഭാര്യ ബീന (40), മകൻ അനന്തു, പതിനാലിൽ ഷാജിയുടെ മകൻ ഷിബിൻ(25), മുള്ളൻ കുഴിയിൽ ജയകുമാർ (38) , ബന്ധു അജിത് (28), എരപ്പുങ്കൽ ഗിരീഷ് (31) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആശുപത്രിയിൽ കഴിയുന്ന ഷിബിനും സുഹൃത്ത് ഗീരീഷും ചേർന്നാണ് വനത്തിൽ നിന്ന് കൂൺ ശേഖരിച്ചത്. സംഭവത്തെക്കുറിച്ച് ഷിബിൻ പറയുന്നതിങ്ങനെ: ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കനകപ്പലം-വെച്ചൂച്ചിറ റോഡിൽ ഫോറസ്റ്റ് ഓഫീസിന്റെ പിൻഭാഗത്തുനിന്നാണ് കൂണ് ശേഖരിച്ചത്. തുടർന്ന് വീട്ടിലെത്തിയ ഇവർ പരിസരവാസികൾക്കും കൊടുത്തു. എല്ലാവരും പാചകം ചെയ്ത് കഴിച്ചു. രാത്രിയോടെ വിറയൽ, കണ്ണിന് കാഴ്ചയില്ലായ്മ എന്നിവ അനുഭവപ്പെട്ടു.
അസഹനീയമായതിനെ തുടർന്ന് രാത്രി 12 മണിയോടെ പലരും കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തി. പുലർച്ചെയോടെയാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. വിവിധ വാർഡുകളിൽ പ്രവേശിപ്പിച്ച ആരുടേയും നില ഗുരുതരമല്ല. രക്ത സാന്പിൾ പരിശോധനയ്ക്കു വിധേയമാക്കി.
പരിശോധനാ ഫലം ലഭിച്ചാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ സ്ഥലത്ത് നിന്നും കൂണ് ശേഖരിച്ച് കഴിച്ച അഞ്ചു പേർക്ക് കാഴ്ച മങ്ങലും വിറലയും ഉണ്ടായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതാണ്.