കൊച്ചി: ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയുടെ 2017-18 വർഷത്തെ മിസ്റ്റർ കേരള ചാന്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും.
ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം വൈകുന്നേരം ആറിന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. വനിതകൾക്കായുള്ള ബോഡി ഫിറ്റ്നസ് ചാന്പ്യൻഷിപ്പും ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക മത്സരവും ഇന്ന് നടക്കും. മെൻസ് ബോഡി ഫിസിക്, അത്ലറ്റിക് കാറ്റഗറിയിലും മത്സരമുണ്ടാവും. മിസ്റ്റർ കേരള വിജയിക്ക് ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ഹോർനെറ്റ് ബൈക്കാണ് സമ്മാനം.
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ, സ്പോർട്സ് പ്രമോഷൻ കന്പനിയായ ഈവ്സില്ലാസ്, മൊബൈൽ കന്പനിയായ എലിഫോണ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന ചാന്പ്യൻഷിപ്പിന്റെ പ്രാഥമിക മത്സരങ്ങൾ ഇന്നലെ അവസാനിച്ചു.
എലിമിനേഷൻ റൗണ്ടിൽ 14 ജില്ലകളിൽ നിന്ന് 28 കാറ്റഗറികളിലായി നാനൂറോളം ബോഡിബിൽഡർമാർ പങ്കെടുത്തു. ഇടപ്പള്ളി ഒബ്റോണ്‍ മാളിൽ നടന്ന എലിമിനേഷൻ റൗണ്ടിൽ 168 പേരെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തുടർന്ന് ഫോട്ടോഷൂട്ടും നടത്തി. 150ലേറെ ബോഡി ബിൽഡേഴ്സ് പങ്കെടുക്കുത്ത ഫോട്ടോഷൂട്ട് കേരളത്തിൽ തന്നെ ആദ്യമായാണ് നടക്കുന്നതെന്ന് ബോഡി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ടി.വി. പോളി പറഞ്ഞു.