ലോക ‘മസിൽമാൻ’ ആയി ഒരു കേരളീയൻ. അതും നമ്മുടെ കൊച്ചിക്കാരൻ പയ്യൻ. 2019ലെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ലോകകിരീടം ചൂടിയത് കൊങ്കണിയായ കൊച്ചി വടുതല സ്വദേശി 33 വയസുള്ള ചിത്തരേഷ് നടേശൻ. കൊങ്കണികൾക്ക് ഇടയിൽ നിന്നൊരു മസിൽമാൻ ലോകത്തിന്റെ നെറുകയിൽ എത്തുന്നത് ഇത് ആദ്യം.
ദക്ഷിണ കൊറിയയിൽ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിം ഗ് ചാംപ്യൻഷിപ്പിൽ ആണ് ചിത്തരേഷ് ലോക കിരീടം ചൂടിയത്. ലോക ടൈറ്റിലിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ്. വടുതലക്കാരനായ ചിത്തരേഷ് മുൻപ് മിസ്റ്റർ ഇന്ത്യയും, മിസ്റ്റർ ഏഷ്യയും ആയിരുന്നു.
15 വർഷത്തിലധികമായി ബോഡി ബിൽഡിംഗ് ആരംഭിച്ചിട്ട്. അതിനുമുമ്പ് കോളജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ കാമ്പസിൽനിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു.
കൊങ്ങരപ്പള്ളി വീട്ടിൽ നടേശൻ, ഗീത (നിർമല) ദമ്പതികളുടെ മൂത്ത പുത്രൻ ആണ് ചിത്തരേഷ്. നീതു അരുൺ, സൗമ്യ സൂരജ് എന്നിവർ സഹോദരികൾ ആണ്.
സഹോദരീ ഭർത്താവ് സൂരജ് കൊച്ചിയിൽ സിവിൽ പോലീസ് ഓഫീസർ ആണ്. അരുൺ വിദേശത്ത് ജോലി ചെയ്യുന്നു.