പത്തനംതിട്ട: മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് പോലീസ് ചുമത്തുന്ന പിഴ അടയ്ക്കേണ്ടത് കോടതിയില്‍. ജൂണില്‍ കോടതി തുറക്കുന്നതനുസരിച്ച് പിഴ കോടതിയില്‍ ഹാജരായി അടയ്ക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദ്യ പിഴവിന് 200 രൂപയും പിന്നീടുണ്ടാകുന്ന പിഴവിന് 5000 രൂപയുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവര്‍ക്കെതിരെ ഇന്നലെ വൈകുന്നേരം വരെയുള്ള 24 മണിക്കൂറില്‍ 419 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 419 പേരെ അറസ്റ്റ് ചെയ്യുകയും 342 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ അടച്ചു ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചുള്ള വാഹനപരിശോധന തുടരുന്നു. ലോക്ക്ഡൗണ്‍ നിബന്ധനകളുടെ ലംഘനങ്ങള്‍ തടയും.
വ്യാജചാരായ നിര്‍മാണത്തില്‍ ഏര്പെടുന്നവര്ക്കെതിരായ റെയ്ഡ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ശക്തമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.