സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.
നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നൽകി.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തൊട്ടുപിന്നാലെ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് വിതരണത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകനയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.
ആരാധനാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിച്ച് ബൂസ്റ്റർ ഡോസുകൾ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞയാഴ്ച പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഡൽഹി സർക്കാർ കർശനമാക്കിയിരുന്നു.
ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളുടെ സാംപിളുകളിൽ തീവ്ര രോഗവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയിരുന്നു.
ഡൽഹിയിൽ തുടർച്ചയായ 12-ാം ദിവസവും 2,000ത്തിലധികം കോവിഡ് കേസുകളും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് റിപ്പോർട്ട് ചെയ്യുന്നത്.