പയ്യന്നൂർ: മാസ്ക് കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആൾ അറസ്റ്റിൽ.
കവ്വായിയിലെ എ.പി.മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം.
വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
50,000 മാസ്ക് നൽകാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നു. പണം വാങ്ങിയ ശേഷം മാസ്കുകൾ വിതരണം ചെയതില്ല. കൂടാതെ ഇയാൾ ഇവിടെ നിന്നും താസവും മാറ്റി.
ഇതേ തുടർന്നാണ് വ്യാപാരി പോലീസിൽ പരാതി നൽകിയിരുന്നത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാൻ, ഡൽഹി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് മാങ്ങാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാസ്പദമായ തട്ടിപ്പിന് ശേഷം മാസ്കിന്റെ ഓൺലൈൻ ബിസിനസിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ് ഐ മനോഹരൻ, എ എസ് ഐ അബ്ദുൾ റൗഫ്, സുനിത ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.