തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ ഈടാക്കാൻ പോലീസിനു കർശനനിർദേശം നൽകി.
ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് ഒരു ദിവസം മാസ്ക് ധരിക്കാത്ത 100 പേരെ പിടികൂടണമെന്നാണ് നിർദേശം.
സിറ്റി പോലീസിലെ 24 പോലീസ് സ്റ്റേഷനുകളിൽനിന്നായി 12 ലക്ഷം രൂപ ഒരു ദിവസം പിരിച്ചെടുക്കണമെന്നാണ് സിറ്റി പോലീസ് കമ്മീഷർ ആർ. ആദിത്യ ഉത്തരവിട്ടിരിക്കുന്നത്.
മാസ്കില്ലാതെ എവിടെ നിൽക്കുന്നവരായാലും ബസിലോ, കാറിലോ, ബൈക്കിലോ യാത്ര ചെയ്യുന്നവരായാലും പിടികൂടണമെന്ന് ഉത്തരവിൽ പറയുന്നു.
നിർദേശം വന്നതോടെ ഇന്നലെ രാവിലെതന്നെ പോലീസുകാർ മാസ്കില്ലാത്തവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മാസ്കിന്റെ പേരിലും ടാർജറ്റ് നൽകിയതു പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയർത്തി.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്കു യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകിയതിനുശേഷം പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ പൊതുസമൂഹത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.
കമ്മീഷണർ നേരിട്ടുതന്നെ ഇന്നലെ രാവിലെ തൃശൂർ ശക്തൻ മാർക്കറ്റുകളിലും മറ്റു പരിസരങ്ങളിലും പരിശോധന നടത്തി.
സിറ്റി പോലീസ് പരിധിയിലും ജില്ലയിലും പോലീസുകാർ എല്ലാ കടകളിലും ഹോട്ടലുകളിലും കയറി പരിശോധനയും നിർദേശങ്ങളും നൽകി.