ചിറ്റൂർ: താലൂക്കിന്റെ കിഴക്കൻമേഖലയിൽ മാസ്ക് ധരിക്കലും അകലം പാലിക്കലും പ്രഹസനമാകുന്നതായി പരാതി. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ താലൂക്കിൽ അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനമുണ്ടാകുമെന്നതാണ് ആശങ്ക ഉയർത്തുന്നത്.
വാഹനങ്ങളിലും നിരത്തിലൂടെയും നടക്കുന്നവർ മുഖകവചം കഴുത്തിലാണ് മിക്കപ്പോഴും ധരിക്കുന്നത്. ആരോഗ്യവകുപ്പിന്റെയോ പോലീസിന്റെയോ വാഹനം കാണുന്പോഴാണ് മാസ്ക് കൃത്യരീതിയിൽ ധരിക്കുന്നത്.
വ്യാപാരമേഖലകളിലും ഗ്രാമീണ ഉൾപ്രദേശങ്ങളിലും ജനങ്ങൾ കൂട്ടം കുടി നില്ക്കുന്നത് പതിവു ദൃശ്യമാണ്. വ്യാപാരസ്ഥാപനങ്ങളിൽ വരുന്നവരോട് മാസ്ക് ധരിച്ചു വരാൻ വ്യാപാരികൾ ആവശ്യപ്പെടാത്ത സ്ഥിതിയുണ്ട്.
കള്ളുഷാപ്പുകളിലെത്തുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ പാടില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് കാറ്റിൽപറത്തിയ നിലയിലാണ്. ഷാപ്പിലും പിറകുവശത്തും മദ്യപിച്ചശേഷം തുപ്പുന്നതും ഛർദിക്കുന്നതും മറ്റും ഇപ്പോഴും അരങ്ങേറുന്നുണ്ട്.
രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയുമാണ് ഷാപ്പുകളുടെ പ്രവർത്തനസമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനു വിപരീതമായി രാവിലെ ആറിനു തുറക്കുന്ന ഷാപ്പുകൾ അടയ്ക്കുന്നത് രാത്രി ഒന്പതുവരെ നീളുന്നതായും പരാതിയുണ്ട്.
വണ്ടിത്താവളം, കൊടുവായൂർ, നന്ദിയോട് ഭാഗങ്ങളിൽ വ്യാപകതോതിൽ രോഗമുണ്ടാകുന്നതായി സൂചനയുണ്ട്. മുതലമട, ഒഴലപ്പതി, നല്ലേപ്പിള്ളി, പുതുനഗരം, മേട്ടുവളവ്, കന്നിമാരി, കൊല്ലങ്കോട് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട രോഗബാധിതരുണ്ട്.