ബഹിരാകാശത്തുനിന്ന് അതിവേഗം പാഞ്ഞിറങ്ങിയ 250 ടണ്‍ തൂക്കവും 400 അടി ഉയരവുമുള്ള റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് സ്പേസ് എക്സ് പിടിച്ചെടുത്ത് മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ് ഇലോണ്‍ മസ്ക്.
റോക്കറ്റുകളെ പുനരുപയോഗിച്ച് ചന്ദ്രനിലും ചൊവ്വയിലും സഞ്ചരികളെ ബഹിരാകാശയാത്രയ്ക്കു കൊണ്ടുപോകാനുള്ള ചെലവ് കുറയ്ക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണഗതിയിയില്‍ ഇത്തരം റോക്കറ്റുകള്‍ കടലില്‍ പതിച്ച് നഷ്ടപ്പെടുകയാണ് പതിവ്.
സ്പേസ് എക്സ് കൂടാതെ ടെസ്ല ഇലക്ട്രിക് കാര്‍, ടെസ്ല റോബോട്ട്, ചൊവ്വയില്‍ മനുഷ്യവാസം, ഗതാഗതത്തിന് ഭൂഗര്‍ഭ ടണലുകള്‍, ഉപഗ്രഹം വഴി ലോകമെമ്പാടും ഇന്റര്‍നെറ്റ്, തലച്ചോറില്‍ കംപ്യൂട്ടര്‍ ചിപ് തുടങ്ങിയ നിരവധി ആശയങ്ങളുള്ള മസ്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്.
മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ സമ്പത്തും ഇപ്പോള്‍ ട്രംപിനായി വിനിയോഗിക്കുന്നു. ട്രംപിനു വെടിയേറ്റ പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ സമ്മേളനത്തില്‍ തുള്ളിച്ചാടിയ മസ്ക് ട്രംപിനെ പ്രശംസിച്ച് പ്രസംഗിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന, ചാഞ്ചാടുന്ന സംസ്ഥാനമായ പെന്‍സില്‍വാനിയയില്‍ തമ്പടിച്ച് ഇലോണ്‍ മസ്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു.
നേരത്തേ ഡെമോക്രാറ്റുകളെ പിന്തുണച്ചിട്ടുള്ള മസ്ക് മറ്റൊരു നാടകീയ നീക്കത്തിലൂടെ ട്രംപിന്റെ ആളായി മാറി. ഡെമോക്രാറ്റുകള്ക്കെതിരേയുള്ള പ്രചാരണ ആയുധമായി എക്സ് മാറ്റപ്പെട്ടു. മസ്കിന്റെ ടെസ്ല ഇലക്ട്രിക് കാറിന് ബൈഡന് ഭരണകൂടം വേണ്ടത്ര പിന്തുണ നല്‍കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് പറയപ്പെടുന്നു.
ഒരു ഘട്ടത്തില്‍ ട്രംപിന്റെ വിമര്‍ശകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം വെറും തട്ടിപ്പാണെന്നു പറഞ്ഞ ട്രംപിനെതിരേ അദ്ദേഹം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡെമോക്രാറ്റുകളുടെ അയഞ്ഞ കുടിയേറ്റ നയമാണ് മസ്കിനെ ഏറ്റവുമധികം ചൊടിപ്പിക്കുന്നത്.
അമേരിക്കയില്‍ വെള്ളക്കാരുടെ അധീശത്വം നഷ്ടപ്പെടുമെന്നും കുടിയേറ്റക്കാര്‍ അരാജകത്വം സൃഷ്ടിക്കുമെന്നുമൊക്കെ മസ്ക് പറയുന്നുണ്ട്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരനായിരുന്നു എന്നതു മറക്കുന്നു.
താന്‍ അധികാരത്തില്‍ വന്നാല്‍ ഇലോണ്‍ മസ്കിന് സര്‍ക്കാരില്‍ ഉചിതമായ സ്ഥാനം നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് കാറിന് വലിയ പിന്തുണയും നല്‍കും. രണ്ടു വാഗ്ദാനങ്ങളും മസ്കിന് സ്വീകാര്യം. മസ്കിന്റെ പിന്തുണകൊണ്ട് ട്രംപിന് കൂടുതല്‍ വോട്ടുകിട്ടാനുള്ള സാധ്യത കുറവാണെന്ന് സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.
മസ്കിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വലുതാണെന്ന് കരുതുന്നവരുണ്ട്. അമേരിക്കന്‍ പ്രസിഡന്റാകാന്‍ അദ്ദേഹം ലക്ഷ്യമിടുന്നുണ്ടെന്ന് പ്രചാരണമുണ്ട്. എന്നാല്‍ ഇവിടെ ജനിച്ചവര്‍ക്കു മാത്രമേ അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധിക്കൂ.
അതു മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. അതത്ര എളുപ്പമല്ല. ഭ്രാന്തന് സ്വപ്നങ്ങള്‍ കാണുന്ന മസ്ക് അങ്ങനെയൊരു സ്വപനവും കാണുന്നുണ്ടാകും!
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ