ഏറ്റുമാനൂർ: മാസ്കിൽ സ്വന്തം മുഖം പ്രിന്റ് ചെയ്തു നല്കി ഏറ്റുമാനൂർ ബീനാ സ്റ്റുഡിയോ. സ്വന്തം ഫോട്ടോയുമായി ബീനാ സ്റ്റുഡിയോയിൽ എത്തിയാൽ മാസ്ക്കുമൂലം മറഞ്ഞു പോയ മുഖത്തിന്റെ ത്രീഡി ചിത്രം പ്രിന്റ് ചെയ്തു ലഭിക്കും.
ടീ ഷർട്ടുകളിലും, കപ്പുകളിലും ചിത്രങ്ങളും സീനറികളും മറ്റും ത്രീഡി പ്രിന്റിംഗ് ചെയ്യുന്ന ബീനേഷ് ജി. പോളാണു മാസ്കിൽ അവശ്യക്കാർക്ക് സ്വന്തം മുഖം ത്രിഡി പ്രിന്റിംഗ് നടത്തി വ്യത്യസ്തനായിരിക്കുന്നത്. മാസ്ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പരിചയക്കാരോടുപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയിലായി.
ഇതെത്തുടർന്നു നടത്തിയ ശ്രമത്തിലാണു മാസ്കിൽ മുഖചിത്രം പ്രിന്റ് ചെയ്യാൻ സാധിക്കുമോയെന്നു പഠനം നടത്തിയത്. ഇന്റർനെറ്റിലും യൂട്യൂബിലും പരതിയപ്പോഴാണ് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തി തുടങ്ങിയതായി കണ്ടത്.
സ്വന്തം സ്ഥാപനത്തിലും അത്തരത്തിൽ ഒന്നു പരീക്ഷിച്ചു നോക്കി. പരീക്ഷണം വിജയമായതോടെ കൂടുതൽ മാസ്കുകൾ പുറത്തിറക്കുകയായിരുന്നു. ആദ്യം സീനറികളും ചിത്രങ്ങളുമാണ് പ്രിന്റ് ചെയ്തിരുന്നെങ്കിലും പിന്നിട് ആളുകളുടെ സ്വന്തം മുഖം തന്നെ പ്രിന്റ് ചെയ്ത് നൽക്കാൻ തുടങ്ങി.
ഇതോടെ പരസ്പരം തിരിച്ചറിയാനാവില്ലന്നുള്ള പ്രശ്നവും അവസാനിച്ചു. ഫേസ് മാസ്ക് ഹിറ്റായതോടെ മറ്റു കച്ചവടസ്ഥാപനങ്ങൾ തങ്ങളുടെ കടയുടെ പരസ്യമുൾപ്പടെ പ്രിന്റ് ചെയ്യാൻ ഓർഡർ നൽകി. ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്.
സമ്മാനം നൽകുന്നതിനായുള്ള കപ്പിലും മറ്റും ഫോട്ടോയും പ്രിന്റ് ചെയ്യുന്ന സബ്ളിമേഷൻ ടെക്നോളജിയിലൂടെ പ്രിന്റ് എടുത്തശേഷം ത്രീഡി വാക്വം മെഷിനിൽ 210 ഡിഗ്രി സെഷ്യസിൽ എട്ട് മിനിറ്റ് ചൂടാക്കിയാണു തയാറാക്കുന്നത്.
തുണിയിൽ പ്രിന്റ് ചെയ്യുന്നതിനാൽ കഴുകി വീണ്ടും ഉപയോഗിക്കാമെന്ന മേൻമ കൂടിയുണ്ട്. നിലവിൽ കെട്ടിവയ്ക്കുന്ന തരത്തിലുള്ള മാസ്കാണു നിർമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇലാസ്റ്റിക്ക് ടൈപ്പ് മാസ്കുകൾ തയാറാക്കുമെന്നും ജിനേഷ് പറയുന്നു. ചില്ലറയായി 60 രൂപയിലും, മൊത്തമായി വാങ്ങുന്നവർക്ക് 40 രൂപ നിരക്കിലുമാണു വിൽക്കുന്നത്.