രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കുന്ന
മാസ്ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാവുക.മാസ്ക് ഉപയോഗിക്കുന്നതിനു മുന്പും പിൻപും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ (70 ശതമാനം ആൽക്കഹോൾ അടങ്ങിയത്) ഉപയോഗിച്ച് ഇരുപതു സെക്കൻഡ് ശുചിയാക്കേണ്ടതാണ്.
മൂക്കു വായും മൂടുന്ന വിധമായിരിക്കണം മാസ്ക് ധരിക്കേണ്ടത്. മാസ്ക് ധരിച്ചശേഷം ഒരു കാരണവശാലും കൈകൾ
കൊണ്ട് മാസ്ക് സ്പർശിക്കരുത്.
മാസ്ക് ഇടയ്ക്കിടെ താഴ്ത്തിയതിനു ശേഷം സംസാരിക്കുകയും പിന്നീട് തിരിച്ചുവച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല.
മാസ്കിൽ ഘടിപ്പിച്ചിരിക്കുന്ന വള്ളിയിൽ പിടിച്ചുവേണം
മാസ്ക് ഉൗരി മാറ്റേണ്ടത്.
ഉപയോഗിച്ച മാസ്ക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് രോഗവ്യാപനത്തിനു കാരണമാകും. അതിനാൽ ഉപയോഗിച്ച മാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയിൽ(ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ് സ്പൂണ് ബ്ലീച്ചിംഗ് പൗഡർ)15-20 മിനിറ്റ് മുക്കിവച്ചതിനു ശേഷം കത്തിക്കുകയോ സുരക്ഷിതമായി നിർമാർജനം ചെയ്യുകയോ വേണം.
തുണിമാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡർ ലായനിയിൽ മുക്കിവച്ചതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയുണക്കി ഉപയോഗിക്കാവുന്നതാണ്.
രോഗം വരാതിരിക്കാൻ ഏറ്റവും പ്രധാനം വ്യക്തിഗത ശുചിത്വവും ശാരീരിക അകലവും പാലിക്കുക എന്നതാണ്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നത് സുരക്ഷിതരായിരിക്കുന്നതിനുള്ള അതിപ്രധാന മാർഗമാണ്.
പൊതുസ്ഥലങ്ങളിൽ പോയിവന്നശേഷം പാലിക്കേണ്ട വ്യക്തിഗത സുരക്ഷാമാർഗങ്ങൾ
പുറത്തു ധരിക്കുന്ന ചെരിപ്പുകൾ വീടിനു പുറത്തുതന്നെ ഉൗരിയിടുക.
സോപ്പും വെള്ളവും അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ (70 ശതമാനം ആൽക്കഹോൾ അടങ്ങിയത്) ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനു ശേഷം മാത്രം വീടിന്റെ വാതിൽ തുറക്കുക.
പൊതുസ്ഥലങ്ങളുമായി സന്പർക്കത്തിൽ വരുന്ന ബാഗ്, പഴ്സ് തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ അണുവിമുക്തമാക്കേണ്ടതാണ്. ഇതിനായി 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡർ ലായനിയോ സൈഡക്സ്, ഡെറ്റോൾ, 70 ശതമാനം ഡെറ്റോൾ അടങ്ങിയ സാനിറ്റൈസർ മുതലായവയും ഉപയോഗിക്കാവുന്നതാണ്.
മൊബൈൽ ഫോണ് 70 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കാവുന്നതാണ്.
(അതതു ഫോണ് കന്പനികളുടെ കസ്റ്റമർ കെയറിൽ വിളിച്ച്
മാർഗനിർദേശം തേടിയതിനുശേഷം)
പുറത്തുപോയി വന്നാലുടൻ ഉപയോഗിച്ച തുണികൾ
സോപ്പുവെള്ളത്തിൽ കഴുകുകയും സോപ്പും വെള്ളവും
ഉപയോഗിച്ചു കുളിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ്.