കോട്ടയം: കോവിഡ് സന്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്ന സെക്്ടർ പരിശോധനാ സംഘങ്ങൾക്കെതിരേ വ്യാപക പരാതി.
വീട്ടുമുറ്റത്ത് നില്ക്കുന്ന പലരെയും പരിശോധന നടത്തുന്ന സെക്്ടർ സംഘങ്ങൾ റോഡിലേക്കു വിളിച്ചിറക്കി മാസ്ക് ധരിക്കാത്തതിനു പിഴയീടാക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ പലർക്കും 200 രൂപ മുതൽ 500 രൂപവരെയാണ് പിഴയീടാക്കുന്നത്.
നഗരങ്ങൾക്കു പുറമേ ഗ്രാമങ്ങളിലും പരിശോധനയ്ക്കു സെക്ടർ സംഘങ്ങൾ എത്തുന്നതു സ്വകാര്യ വാഹനങ്ങളിലാണ്. വീടുകൾക്കു മുന്നിലിരിക്കുന്നവരെയും പുരയിടങ്ങളിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവരെയും റോഡിലേക്കു വിളിച്ചിറക്കിയാണ് പരിശോധനാ സംഘങ്ങൾ പിഴയീടാക്കുന്നതെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
വീടുകളിൽ ഇരിക്കുന്ന പലരും സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥ സംഘം വഴി ചോദിക്കാനാണ് വിളിക്കുന്നതെന്ന് കരുതിയാണ് റോഡിലേക്ക് ഇറങ്ങി ചെല്ലുന്നത്.
തങ്ങള് വീടുകളിലായിരുന്നുവെന്നും ഈ സമയത്ത് മാസ്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു പറയുന്പോഴും ഇതൊന്നും കേൾക്കാൻ തയാറാകെ പരിശോധനാ സംഘങ്ങൾ പിഴയീടാക്കുകയാണ് ചെയ്യുന്നത്.
ചിലരോട് സെക്്ടർ പരിശോധനാ സംഘങ്ങൾ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
സെക്ടർ സംഘങ്ങൾ പീഡിപ്പിക്കുകയാണെന്ന് വ്യാപാരികളും പരാതി ഉയർത്തിയിരുന്നു. വ്യാപാരികൾ ഭക്ഷണം കഴിക്കുന്നതിനായി മാസ്ക് മാറ്റുന്ന സാഹചര്യത്തിൽ കടകളിൽ എത്തുന്ന പരിശോധനാ സംഘങ്ങൾ പിഴയീടാക്കുന്ന സാഹചര്യവുമുണ്ട്.
കോവിഡ് നിയന്ത്രങ്ങൾ കർശനമായി പാലിച്ചു കൊണ്ടു പ്രവർത്തിക്കുന്ന കടകളിൽ പോലും സെക്ടർ സംഘങ്ങൾ അനാവശ്യമായി പരിശോധനകൾ നടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു.
ജില്ലയിലാകെ പരിശോധനയ്ക്കായി 150ൽപ്പരം സെക്്ടറൽ ഓഫീസർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് കൃത്യമായ ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റത്തിന് നിരവധി പേർക്കെതിരെയാണ് പരിശോധന സംഘങ്ങൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
സെക്ടർ സംഘങ്ങൾ അനാവശ്യമായി പിഴയീടാക്കുന്നതിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.