കണ്ണൂർ: മാസ്ക്ക് ധരിക്കാതെ പുറത്ത് ചുറ്റിക്കറങ്ങുന്നവർ സൂക്ഷിക്കുക നിങ്ങളുടെ പിറകിൽ പോലീസും കോവിഡ് വൈറസുമുണ്ട്.
കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കർശന നടപടിയുമായി പോലീസ്.
ജില്ലയിൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 80 ആളുകളുടെ പേരിൽ ഇന്നലെ പോലീസ് കേസെടുത്തു. ഇവരിൽ നിന്നും 200 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.കുറ്റം ആവർത്തിച്ചാൽ 500 രൂപ വരെ പിഴ ഈടാക്കാനാണ് പോലീസിനു ലഭിച്ച നിർദേശം.
വാഹന പരിശോധന നടത്തുമ്പോൾ തന്നെ ഇനി മുതൽ മാസ്ക്ക് പരിശോധനയും പോലീസ് നടത്തും. മാത്രമല്ല ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും എത്തുന്ന ആളുകൾ മുഖാവരണം ധരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.
മാസ്ക്ക് ധരിക്കാത്തവരുടെ പേരിൽ കേസെടുത്ത് കോടതിയിൽ പിഴയടക്കാനാണ് കഴിഞ്ഞ ആഴ്ച വരെ നിർദേശിച്ചത്.എന്നാൽ ഇനി മുതൽ പോലീസ് തന്നെ നേരിട്ട് പിഴ ഈടാക്കും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി. തുടർന്നാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
നിലവാരം കുറഞ്ഞ മുഖാവരണം ധരിക്കരുതെന്ന് ആരോഗ്യ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം പരിശോധനയ്ക്ക് എത്തുന്ന പോലീസുകാർ സാമൂഹിക അകലം പാലിക്കാതെ പോലീസ് വാഹനത്തിൽ തിങ്ങിയിരുന്നതായും ആക്ഷേപമുണ്ട്.