കണ്ണൂര്‍: കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള ഉപകരണങ്ങള്‍ക്കു സംസ്ഥാനത്ത് വിലക്രമീകരണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ മാസ്ക് ഉള്‍പ്പെടെയുള്ളവയ്ക്കു ക്ഷാമം നേരിട്ടു തുടങ്ങി.
മാസ്കിനുപുറമേ ഫേസ്ഷീല്‍ഡ്, ഡിസ്പോസിബിള്‍ ഏപ്രണ്‍, സാനിറ്റൈസര്‍ എന്നിവയ്ക്കാണു ക്ഷാമം നേരിടുന്നത്.
നേരത്തേ പലയിടങ്ങളിലും അമിത വില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ വില നിശ്ചയിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്ക്കാന് കഴിയാത്ത സാഹചര്യമാണെന്നു തുടക്കത്തിലേ വ്യാപാരികള്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും കൂടുതല്‍ നല്‍കിയാണു സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തതെന്നാണു കടയുടമകള്‍ പറഞ്ഞിരുന്നത്.
ഇതോടെ സ്റ്റോക്കുകള്‍ വില്‍ക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. കടകളില്‍ സ്റ്റോക്കുള്ള സാധനങ്ങള്‍ ശേഖരിച്ച് തിരിച്ചയയ്ക്കാന്‍ വിതരണക്കാരോട് ഉത്പാദകരും നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം മിക്ക കടകളില്‍ നിന്നുമുള്ള സ്റ്റോക്ക് തിരിച്ചയച്ചു. ഇവയ്ക്കു പകരമായി പുതിയ മാസ്ക് അയച്ചുതരുമെന്ന് ഉത്പാദകര്‍ വിതരണക്കാരെ അറിയിച്ചിരുന്നെങ്കിലും വിലക്കുറവുള്ള മാസ്കുകള്‍ എത്തിത്തുടങ്ങിയിട്ടില്ല.
സ്റ്റോക്കുള്ള കടക്കാരാണെങ്കില് വില കൂടുതല്‍ തരാമെന്നു പറയുന്നവര്‍ക്കുപോലും നല്‍കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയില്‍ പരാതി ഉയര്‍ന്നാല്‍ ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ നേരിടാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ത്രീലെയര്‍ സര്‍ജിക്കല്‍ മാസ്ക്- 3.90, എന്‍-95 മാസ്ക്- 22, എന്‍.ആര്.ബി മാസ്ക്-80, ഓക്സിജന്‍ മാസ്ക് -54, ഫേസ് ഷീല്‍ഡ്-21, ഡിസ്പോസിബിള്‍ ഏപ്രണ്‍-12, സര്‍ജിക്കല്‍ ഗൗണ്‍-65, സര്‍ജിക്കല്‍ ഗ്ലൗസ്-5.75, സ്റ്ററൈല്ഡ് ഗ്ലൗസ്-15, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി-192, 200 മില്ലി-98,100 മില്ലി-55, ഹ്യുമിഡി ഫയറുള്ള ഫ്ലോ മീറ്റര്‍, ഫിംഗര്‍ ടിപ് പള്‍സ് ഓക്സിമീറ്റര്‍-1500 രൂപ എന്നിങ്ങനെയാണു സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. ഈ നിരക്കിനു വില്ക്കാന് കഴിയുന്ന സാധനങ്ങള്‍ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.
അതേസമയം നാലുരൂപയ്ക്ക് മാസ്ക് ലഭിക്കുന്നുണ്ടെങ്കിലും തീരെ ഗുണമില്ലെന്നു പരാതിയുണ്ട്. ധരിച്ചുകഴിഞ്ഞാല്‍ ഒരിക്കല്‍ ഊരേണ്ടിവരുമ്പോഴേക്കും കീറിപ്പോകുന്നതായാണു പരാതി.
ഓക്സിജന്‍ മാസ്കുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം കുറവാണ്. ഓക്സി മീറ്ററുകളില്‍ വ്യാജന്മാര് വിലസുന്നുമുണ്ട്.
പലതും വെറുതെ പള്‍സ് റേറ്റ് കാണിക്കുന്ന ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങള്‍ക്കു സമാനമാണ്. മരക്കഷണങ്ങള്ക്കുവരെ ചില ഓക്സിമീറ്ററുകള്‍ പള്‍സ് കാണിക്കുന്നുണ്ട്.
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി വില നിയന്ത്രണമേര്‍പ്പെടുത്തുകയാണു വേണ്ടതെന്ന ആവശ്യം ഉയരുന്നുണ്ട്.
അല്ലാത്ത പക്ഷം ഒരു ഗുണമേന്മയുമില്ലാത്ത വസ്തുക്കള്‍ കമ്പോളത്തിലെത്തുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ജിക്കല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന ഓള് കേരള സയന്റിഫിക് ആന്‍ഡ് സര്‍ജിക്കല്‍ ഡീലേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമെടുക്കുമെന്നു കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.
നിശാന്ത് ഘോഷ്