കൊല്ലം :പ്രതിദിനം 25000 കോട്ടണ്‍ മാസ്കുകള്‍ നിര്‍മിച്ച് ജില്ലയിലെ 58 കുടുംബശ്രീ യൂണിറ്റുകളുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമാകുന്നു. നെടുമ്പന, പുനലൂര്‍ അപ്പാരല്‍ യൂണിറ്റുകളില്‍ മാത്രം പ്രതിദിനം 15000 മാസ്കുകളാണ് നിര്‍മിക്കുന്നത്.
എല്ലാ ബ്ലോക്കുകളിലേയും കുടുംബശ്രീ മൈക്രോ സംരംഭ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ 202 സ്ത്രീകളാണ് രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്നത്.
കൊല്ലം, തിരുവന്തപുരം ഡി എം ഒ, കെ എം സി എല്‍, കാരുണ്യ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, കെ റ്റി ഡി സി, വിവിധ ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍, ഇ എസ് ഐ കോര്പ്പറേഷന്, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മാസ്കുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
സിംഗിള്‍ ലെയര്‍, ഡബിള്‍ ലെയര്‍, ത്രിബിള്‍ ലെയര്‍ എന്നീ മൂന്ന് തരത്തിലുള്ള മാസ്കുകളാണ് നിര്‍മിക്കുന്നത്.കുടുംബശ്രീ സംസ്ഥാന മിഷനും ജില്ലാ മിഷനുമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.
ഓരോ യൂണിറ്റിന്റേയും പ്രൊഡക്ഷന്‍ കപ്പാസിറ്റി അനുസരിച്ച് വിവിധ യൂണിറ്റുകള്‍ക്ക് ഓര്‍ഡറുകള്‍ വീതിച്ചു നല്കി സമയബന്ധിതമായി തയ്പ്പിച്ചെടുക്കും. ഇവ എല്ലാ ബ്ലോക്കിലും നഗരസഭയിലും കളക്ഷന്‍ സെന്ററുകള്‍ ഏറ്റെടുത്ത് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും.
ഇത് കൂടാതെ സി ഡി എസുകളുടെ നേതൃത്വത്തില്‍ തുണി എടുത്ത് യൂണിറ്റുകള്‍ക്ക് നല്കി മാസ്ക് നിര്‍മിക്കുന്നതിനുള്ള ശ്രമവും പുരോഗമിക്കുന്നു.
പത്താനാപുരം ബ്ലോക്കിലെ എസ് വി ഇ പി പ്രോഗ്രാമിന്റെ ഭാഗമായ സേവിക എം ഇ സി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒന്നിച്ച് മെറ്റീരിയല്‍ എടുത്ത് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം മാസ്കുകളാണ് നിര്‍മിച്ചു നല്‍കിയത്.
സിംഗിള്‍ ലെയര്‍ മാസ്കിന് പത്ത് രൂപയും ഡബിള്‍ ലെയറിന് പതിനഞ്ച് രൂപയും ത്രിബിള്‍ ലെയറിന് ഇരുപത് രൂപയുമാണ് ഊടാക്കുന്നത്.
കൂടാതെ ഹാന്‍ഡ് വാഷ്, മറ്റു ശുചീകരണ വസ്തുക്കള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. കോട്ടണ്‍ മാസ്ക്, ശുചീകരണ വസ്തുക്കള്‍ എന്നിവയ്ക്ക് കളക്ട്രേറ്റിലെ കുടുംബശ്രീ ജില്ലാമിഷന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 0474-2794692.