അയ്മനം: മാസ്ക് ധരിക്കാതെ ആരും അയ്മനം പഞ്ചായത്തിലേക്ക് വരരുത്. ആർക്കും പ്രവേശനവും അനുവദിക്കില്ല. പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ’നോ മാസ്ക് നോ എൻട്രി’ കാന്പയിൻ എന്ന പേരിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും ചേർന്നാണു പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വാർഡുകളിലും ആരോഗ്യ ജാഗ്രതാ സമിതികൾ സജീവമാക്കാനും വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് അതിർത്തിയിൽ പോലീസിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടാകും. മാസ്ക് ധരിക്കാത്തവരെ പഞ്ചായത്തിലേക്ക് പ്രവേശിപ്പിക്കില്ല.
കണ്ടയ്ൻമെന്റ് സോണിൽ ജാഗ്രതാ സമിതി കൂടി മൈക്ക് അനൗണ്സ്മെന്റും അണുവിമുക്ത പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജിയും മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായരും ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ്പ്രസിഡന്റ് മനോജ് കരീമഠം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ദേവകി, അസിസ്റ്റന്റ് സെക്രട്ടറി നിസി ജോണ്, മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.സി. ഗീത, ജനമൈത്രി സിവിൽ പോലീസ് ഓഫീസർ ബിപിൻ എന്നിവർ നേതൃത്വം നൽകും.