പി. ജയകൃഷ്ണൻ
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധത്തിന്റെ മറവില്‍ മാസ്ക് കൊള്ള വ്യാപകം. മരുന്ന് വില്പന മാത്രം നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങൾ കോവിഡ് സ്ഥിരീകരിച്ച ശേഷം മാസ്ക് പ്രധാന വില്പന മാർഗമാക്കിയിരുന്നു.
വിവിധ പേരുകളിൽ, ഏറെ ഫലപ്രദമെന്നു പറഞ്ഞ് ചില കന്പനികൾ കൂടിയ എംആർപി ഇട്ട് മാസ്ക് കടകളിൽ എത്തിക്കുന്ന പ്രവണതയും വ്യാപകമാണ്.
വില കൂടിയ മാസ്കുകളിലാണ് തട്ടിപ്പും വ്യാപകം. 165 രൂപ എംആർപിയുള്ള അതേ മാസ്ക് കണ്ണൂർ കളക്ടറേറ്റ് പരിസരത്തുനിന്നും 50 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കുന്നു.
എംആർപി 450 രൂപയുള്ള മാസ്ക് കച്ചവടക്കാർ നൽകുന്നത് 300 രൂപയ്ക്കാണ്. 150 രൂപയുടെ ഇളവ് എന്ന ആശ്വാസത്തിലാണ് പലരും ഇതു വാങ്ങുന്നത്.
എന്നാൽ ഇത് കച്ചവടക്കാരന് ലഭിക്കുന്നത് 65 രൂപയ്ക്കാണെന്ന് പറയുന്നു. അപ്പോൾ ലാഭം എത്ര ഇരട്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. രണ്ടു രൂപയിൽ താഴെ ചെലവ് വരുന്ന മെഡിക്കൽ മാസ്ക് പോലും 10 രൂപയ്ക്കാണ് വില്പന നടത്തുന്നത്.
വിപണിയിലെ മാസ്കുകള്‍ മുഴുവന്‍ വാങ്ങി നേരത്തെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്ഥാപനം അമിത വിലയ്ക്ക് മറിച്ചു വിറ്റതായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം കണ്ടെത്തിയിരുന്നു. 1.40 രൂപയ്ക്ക് വാങ്ങിയ മൂന്നു ലക്ഷം മാസ്കുകളാണ് 17 രൂപ വരെ ഈടാക്കി വിറ്റത്.
എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിൽ നേരത്തെ ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം റെയ്ഡും നടത്തിയിരുന്നു.
മാസ്കിന് കവറില്‍ രേഖപ്പെടുത്തിയതിലും അധിക വില ഈടാക്കിയതിന് കേസും രജിസ്റ്റർ ചെയ്തു. മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സര്‍ജിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
കോവിഡ് പ്രതിരോധത്തില്‍ പ്രധാനഘടകങ്ങളായ മാസ്കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കൊള്ള നിർബാധം തുടരുകയാണ്. മൂന്ന് ലെയര്‍ സര്‍ജിക്കല്‍ മാസ്കിന് പരമാവധി 10 രൂപയേ ഈടാക്കാവൂ.
ഇരുനൂറ് മില്ലി സാനിറ്റൈസറിന് പരമാവധി 100 രൂപയാണ് വില. കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ മുഖാവരണത്തിനും ശുചീകരണ വസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.