പത്തനംതിട്ട: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച നാൾമുതൽ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.
പത്തനംതിട്ടയിലെ പ്രധാന സർക്കാർ ആശുപത്രികളിലടക്കം ഡോക്ടർമാരും ജീവനക്കാരും വീടുകളിൽ പോയിട്ട് ദിവസങ്ങളായി. ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥരും രാപകൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. പരിശോധനഫലങ്ങൾ നെഗറ്റീവാകുന്പോൾ തങ്ങളുടെ പ്രയത്നത്തിനു പരിഹാരം കാണുന്നതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്.
വൈറസ്രോഗബാധ തടയാനുള്ള അടിയന്തര മാർഗങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ആദ്യലക്ഷ്യം. അതിനായി ഇറ്റലിയിൽ നിന്നെത്തിയ ദന്പതികളുടെയും മകന്റെയും യാത്രാവിവരങ്ങളും മറ്റു വിവരങ്ങളും കണ്ടെത്തുകയായിരുന്നു ആദ്യ കടന്പ.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ(എൻഐസി) നേതൃത്വത്തിൽ അതിവേഗം ഫ്ളോ ചാർട്ട്(റൂട്ട് മാപ്പ്) തയാറാക്കി. ഇതുപ്രകാരം രോഗബാധ സ്ഥിരീകരിച്ച കുടുംബം നേരിട്ടോ അല്ലാതെയോ ഇടപഴകിയവരെ കണ്ടെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (പിഎച്ച്സി) സഹായത്തോടെ അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടകരം: ഡിഎംഒ
പത്തനംതിട്ട: ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു.
ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കുന്നവർ അവിടെത്തന്നെ സുരക്ഷിതമായി നിക്ഷേപിക്കണം. ഇതിനായി പ്രത്യേക കണ്ടെയ്നറുകൾ എല്ലാ ആശുപത്രികളിലും ഉണ്ട്. യാതൊരു കാരണവശാലും ഇവ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കരുത്.
പൊതുജനങ്ങൾ സാധാരണഗതിയിൽ മാസ്ക് ഉപയോഗിക്കേണ്ടതില്ല. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി.
പൊതുസ്ഥലങ്ങളിലും മറ്റും ആളുകൾ വെറുതേ മാസ്ക് ധരിക്കുന്നതായി കാണുന്നുണ്ട്. ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെങ്കിൽ അതുകൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഡിഎംഒ അറിയിച്ചു.