
തിരുവനന്തപുരം: എല്ലാവരും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കുന്നത് രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടു കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്ക് ധരിക്കുക എന്നത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട നടപടിയാണ്. ഇക്കാര്യത്തില്‍ കൃത്യമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
നമ്മുടെ ഒരു രീതി, ആശുപത്രിയ്ക്കത്തുള്ളവര് മാസ്ക് ധരിക്കുക എന്നുള്ളതായിരുന്നു. ചില രാജ്യങ്ങളില്‍ വ്യാപകമായി മാസ്ക് ധരിക്കുന്നു. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണ്.
മാസ്ക് ധരിക്കുന്നത് അവരവര്‍ക്ക് രോഗം വരുന്നത് തടയാനാണ് എന്നു മാത്രം കാണേണ്ടതില്ല. മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍, തന്നിലുള്ള ഏതെങ്കിലും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടു കൂടിയാണ്.
ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് മാസ്ക് വ്യാപകമായി ധരിക്കണമെന്നുള്ളതാണ്. എന്നാല്‍ ഈ വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.