തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് തിരുവനന്തപുരം റൂറൽ ജില്ലയിൽ കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 234 കേസുകളിലായി 240 പേരെ അറസ്റ്റു ചെയ്തു.
128 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്ത 189 പേരിൽ നിന്നും പിഴ ഈടാക്കി. നിയമം ലംഘിച്ച് ആനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ വർക്കലയിൽ 13, കിളിമാനൂർ 14, നെടുമങ്ങാട് ആറ്, നെയ്യാറ്റിൻകര ഏഴ്, ബാലരാമപുരം ആറ്, നരുവാമൂട് ഒന്പത്, കാഞ്ഞിരംകുളം 11, പാറശാല ഒന്പതു കേസുകൾ രജിസ്റ്റർ ചെയ്തു.
റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നെടുമങ്ങാട് പൂവത്തൂർ ഗവ. എച്ച്എസ്എസിനു സമീപം കിഴക്കേകോണത്തു വീട്ടിൽ അശോക് കുമാറിനെ(മന്ത്രവാദി അശോകൻ ) 20 ലിറ്റർ കോടയുമായി അറസ്റ്റു ചെയ്തു.
ലോക്ക് ഡൗണിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ കളിയിക്കാവിള, ഇഞ്ചിവിള ചെക്കിംഗ് പോയിന്റിനു സമീപമുള്ള താത്കാലിക പരിശോധനാ കേന്ദ്രമായ ശിവശക്തി ഓഡിറ്റോറിയത്തിൽ റൂറൽ പോലീസും ആരോഗ്യവകുപ്പും റവന്യൂ അധികൃതരും ചേർന്നു പരിശോധനകൾ നടത്തുന്നുണ്ട്.