കോട്ടയം: ഇനിയെങ്കിലും മാസ്കൊക്കെ നേരാംവണ്ണം വച്ചു നടന്നോ, പോലീസ് സദാ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.ഒാരോ പോലീസ് സ്റ്റേഷനും കൃത്യമായി ടാർഗറ്റ് വരെ നിശ്ചയിച്ചു കഴിഞ്ഞു. വെറുതേ റോഡിലിറങ്ങിയാൽ ആവശ്യത്തിലധികം കോവിഡ് മാനദണ്ഡ ലംഘനക്കേസുകൾ ലഭിക്കുമെന്നതിനാൽ പോലീസിനെ സംബന്ധിച്ച് ടാർഗറ്റൊന്നും ഒരു വിഷയമേയല്ല.
മാസ്ക് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ദിവസം100 കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ഓർഡർ. അതിനായി രണ്ട്- മൂന്ന് പോലീസുകാരുള്ള ഓരോ സ്ക്വാഡ് വരെ രൂപീകരിച്ചിട്ടുണ്ട്. ഓരോ സ്ക്വാഡിനും പ്രത്യേകം പ്രത്യേകം ടാർഗറ്റുകളുമുണ്ട്.
ഒരു സ്ക്വാഡ് 25 കേസ് കണ്ടെത്തി രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.പൊതു ഇടങ്ങളിലെത്തുന്പോൾ മൂക്ക്, വായ് എന്നിവ കൃത്യമായി മൂടിയ നിലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. അത് കാൽനടയാത്രക്കാർക്കും ഇരുചക്ര യാത്രക്കാർക്കും കാറിൽ ഒറ്റയ്ക്കുവരുന്നർക്കും എല്ലാവർക്കും ബാധകമാണ്.
മാസ്ക് കൃത്യമായി ധരിക്കാതെ കാറിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്നവരുടെ കാറിന്റെ നന്പർ കുറിച്ചെടുത്തതിനു ശേഷം പിന്നീടാണ് നടപടിയെടുക്കുന്നത്. കാറിൽ തനിയ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കാത്തതിനു പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടു പലപ്പോഴും പിഴ നോട്ടീസ് ലഭിച്ചവരും പോലീസും തമ്മിൽ തർക്കമുണ്ടാകാറുണ്ട്.
ആരുമായി സന്പർക്കമില്ലാതെ കാറിൽ ഒറ്റയ്ക്കു സഞ്ചരിക്കുകയാണെങ്കിലും റോഡിലൂടെ സഞ്ചരിക്കുന്പോൾ കാറ് പൊതു ഇടമായി കണക്കാക്കണമെന്നാണ് പോലീസിന്റെ വിശദീകരണം.വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി പിഴ ഈടാക്കുന്നുണ്ട്. ഇന്നലെ നഗരത്തിലെ ഒരു ഹോട്ടലിൽ സപ്ലൈയർ ജീവനക്കാരൻ ശരിയായി മാസ്ക് ധരിക്കാത്തതിനു കടയുടമയ്ക്കാണ് പോലീസ് പിഴ ചുമത്തിയത്.