കൊല്ലം: മാസ്കുകൾക്ക് മെഡിക്കൽ സ്റ്റോറുകളിലും ഇതര വ്യാപാര കേന്ദ്രങ്ങളിലും അമിതവില ഈടാക്കുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിലും കൂട്ടിയാണ് എല്ലാവരും മാസ്കുകൾ വിൽപ്പന നടത്തുന്നത്.
അമിതവില ഈടാക്കിയാൽ നടപടി എടുക്കാൻ സിവിൽ സപ്ലൈസ് അധികൃതർക്കും ലീഗൽ മെട്രോളജി അധികൃതർക്കും കഴിയും. എന്നാൽ പരാതി ലഭിച്ചാൽ പോലും പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
എൻ-95 മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരമാവധി വിൽപ്പന വില 22 രൂപയാണ്. എന്നാൽ കൊല്ലം നഗരത്തിലടക്കം ചില മെഡിക്കൽ സ്റ്റോറുകളിലും കച്ചവട സ്ഥാപനങ്ങളിലും ഇവ 25മുതൽ 30 രൂപ വരെ വാങ്ങിയാണ് വിൽക്കുന്നത്.
ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉപഭോക്താവിന് കഴിയുകയുമില്ല. എൻ-95 എന്ന പേരിൽ നിലവാരം കുറഞ്ഞ നിരവധി ബ്രാന്റുകൾ വിപണിയിൽ സുലഭമാണ്. പ്രമുഖ ബ്രാന്റുകളുടെ വ്യാജനും വിറ്റഴിക്കുന്നുണ്ട്. ഒറിജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാനും കഴിയുകയില്ല.
ട്രിപ്പിൾ ലെയർ മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ച വില 3.90 രൂപയാണ്. ഇവയും കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. ഇവയുടെ നിലവാര പരിശോധനയും നടക്കുന്നില്ല.
ദോഷം പറയരുതല്ലോ ട്രിപ്പിൾ ലെയർ മാസ്കുകൾ മൂന്നു രൂപയിൽ താഴെയും പല കടകളിലും ലഭിക്കും. അതിലും വിലകുറച്ച് വിൽക്കുന്നവരുമുണ്ട്. കച്ചവടം കൂടുതലും ഇതിന് ആയതിനാൽ നിരവധി ബ്രാന്റുകളും വിപണിയിൽ സുലഭമാണ്.
മാസ്ക് വിപണന രംഗത്ത് ഓൺലൈൻ വ്യാപാരവും പൊടിപൊടിക്കുന്നു. 100 മാസ്കുകൾ 150 രൂപയ്ക്കും അതിൽ താഴെയും വരെ ഓൺലൈനിൽ ലഭിക്കും. ഒട്ടും ഗുണനിലവാരം ഇല്ലാത്തവയാണിവ. ആകർഷകമായ പായ്ക്കുകളായിരിക്കും ഇവർ ഓൺലൈനിൽ പ്രദർശിപ്പിക്കുക.
അതുകണ്ട് ഓർഡർ ചെയ്യുന്നവരെല്ലാം കബളിപ്പിക്കപ്പെടുകയാണ്.പൾസ് ഓക്സിമീറ്ററിന്റെ കാര്യവും ഇതുതന്നെ സ്ഥിതി. പലയിടത്തും പല വില. സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 1500 രൂപ.
അതിൽ കുറവിലും കൂടിയ വിലയ്ക്കും കിട്ടും. ഗ്യാരണ്ടി ഇല്ലെന്നാണ് കടക്കാർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. എവിടെനിന്നും വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത സ്ഥിതി.
ഗുണനിലവാരം ഒട്ടുമില്ലാത്ത നിരവധി ഓക്സീമീറ്ററുകൾ വിപണിയിലുണ്ട്. ഒന്നിലും എംആർപി രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ചിലർ 2000 രൂപവരെ ഈടാക്കുന്നു.
മീറ്ററിൽ വിരൽ വച്ചാലും പേന കയറ്റിയാലും ഒക്കെ കിട്ടുന്നത് ഒരേ റീഡിംഗാണെന്ന് കബളിപ്പിക്കപ്പെട്ടവർ പറയുന്നു. കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിൽ വരെ ഇത്തരം ഓക്സീമീറ്ററുകൾ ലഭ്യമാണ്. ഇക്കാര്യത്തിലും പരിശോധനകൾ നടത്തേണ്ടവരടക്കം ബോധപൂർവം കണ്ണടയ്ക്കുകയാണ്.