തളിപ്പറമ്പ്: പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി തളിപ്പറമ്പിൽ ദിശയുടെയും നഗരസഭയുടെയും പേരിൽ ബോർഡ്.
തളിപ്പറമ്പ്-കണ്ണൂർ ദേശീയ പാതയിൽ തളിപ്പറമ്പ് ടൗൺ ബസ് സ്റ്റോപ്പിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ‘മാസ്ക് എല്ലാവർക്കുമല്ല’ എന്ന് പറഞ്ഞ് തുടങ്ങുന്ന ബോർഡിൽ ആരൊക്കൊ മാസ്ക് ഉപയോഗിക്കണം എന്ന് പറഞ്ഞ് പ്രകടമായ രോഗ ലക്ഷണമുള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണുള്ളത്.
മാസ്കിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ബോർഡിലുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ ഇത്തരത്തിൽ സർക്കാർ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് മാസ്ക് എല്ലാവർക്കും നിർബന്ധമാക്കിയിരുന്നു.
എന്നാൽ ഉത്തരവ് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് ആയിരക്കണക്കിന് കേസ് രജിസ്റ്റർ ചെയ്തിട്ടും ബോർഡ് മാറ്റാൻ അധികൃതർ തയാറായിട്ടില്ല.