കൊച്ചി: ഏതാനും മാസങ്ങളിലേക്കെങ്കിലും മാസ്കില്ലാതെ പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായതോടെ, മാസ്കിനെ “മാസ്’ആക്കാനുള്ള ശ്രമങ്ങളിലാണു നിര്‍മാതാക്കള്‍.
ഓരോ പ്രായവിഭാഗങ്ങള്‍ക്കും ഇണങ്ങുന്ന ട്രെൻഡിംഗ് മാസ്കുകള്‍ വിപണിയില്‍ തരംഗമാകുന്നു. സിനിമ-കായിക താരങ്ങള്‍, ഭരണകര്‍ത്താക്കള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങൾ എന്നിങ്ങനെ ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്കുകള്‍ക്കു വലിയ ഡിമാന്‍ഡാണ്.
നോര്‍ത്ത് പറവൂരിലെ യുവസംരംഭക നീതു ബിപിന്‍ മാസ്കുകളിൽ ഇത്തരം പല പരീക്ഷണങ്ങൾക്കും മുതിരുന്നു. ഡോറ, ബുജി, സ്പൈഡര്മാന്, ഛോട്ടാംബീം, ടോം ആന്‍ഡ് ജെറി എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചേർത്തുള്ള മാസ്കുകൾ കുട്ടികളെ മാസ്ക് ധരിക്കാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.
സ്കൂളുകളില്‍ കുട്ടികളുടെ പേരും ക്ലാസും രേഖപ്പെടുത്തിയ മാസ്കുകള്‍ക്ക് ആവശ്യക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്നു നീതു പറയുന്നു.
വിവിധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും പേരുകളും രേഖപ്പെടുത്തിയ മാസ്കുകളും തയാറാക്കി വരുന്നു. മാസ്ക് ധരിക്കുന്നവരുടെതന്നെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തു നല്‍കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
നോര്‍ത്ത് പറവൂരിലെ ഫ്ളൈ സ്പോര്‍ട്സ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് നീതു. ഭര്‍ത്താവ് ബിപിൻ ഇന്ത്യന്‍ നേവി സര്‍വീസസ് വോളിബോള്‍ ടീം അംഗമാണ്.