കൊയിലാണ്ടി: മുഖാവരണം ധരിക്കാത്തതിനെ ചൊല്ലി കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ എന്‍.അഖില്‍ജിത്തിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം കൈയേറ്റം ചെയ്തതായാണ് പരാതി. തിരുവോണ നാളിലായിരുന്നു സംഭവം. പോലീസിനെതിരേ ഡോക്ടര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി.
സംഭവത്തെകുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് ബപ്പന്കാടിലുളള അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു.
ആ സമയത്ത് സ്ഥിരമായി കാണാന്‍ വരുന്ന രോഗിയും ബന്ധുവും മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വന്നു. ഇവരെ വീട്ടിലേക്ക് കയറ്റാതെ വീട്ടിലേക്കുളള വഴിയില്‍ നിര്‍ത്തി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് കൊയിലാണ്ടി സിഐയുടെ വാഹനം അതുവഴി വന്നത്.
മാസ്ക് ധരിച്ചില്ലെന്ന് പറഞ്ഞു സിഐ അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തു.ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ വീണ്ടും തട്ടിക്കയറുകയായിരുന്നു പോലീസെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നാണ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ പൊതു വഴിയില്‍ നിന്ന് സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ മാസ്ക് ധരിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന ഒരാള്‍ കീഴ്ത്താടിയിലാണ് മാസ്ക് ധരിച്ചിരുന്നതെന്ന് കൊയിലാണ്ടി സിഐ കെ.സി.സുഭാഷ് ബാബു പറഞ്ഞു. മാസ്ക് ധരിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ തട്ടിക്കയറുകയായിരുന്നു.
ഡോക്ടറെ കൈയേറ്റം ചെയ്തുവെന്ന പരാതിയ്ക്ക് അടിസ്ഥാനമില്ലെന്നും സിഐ പറഞ്ഞു. ഡോക്ടറെന്ന നിലയില്‍ എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും സിഐ പറഞ്ഞു.