ചെറുതോണി: സിമന്റ് ഇറക്കി ക്ഷീണിതനായ ചുമട്ടുതൊഴിലാളി വെള്ളം കുടിക്കാൻ മുഖാവരണം മാറ്റിയപ്പോൾ പോലീസ് പെറ്റിയടിച്ചു.
ചെറുതോണി പോലീസ് സൊസൈറ്റിയുടെ കെട്ടിടം നിർമിക്കാൻ സിമന്റ് എത്തിയപ്പോൾ വീട്ടിലായിരുന്നു ചുമട്ടുകാരനായ പൈനാവ് സ്വദേശി രാജുവിനെ ഉൾപ്പെടെ 10 തൊഴിലാളികളെ വിളിച്ചുവരുത്തി ലോറിയിൽനിന്നു സിമന്റ് ഇറക്കിച്ചു.
സിമന്റ് ഇറക്കികഴിഞ്ഞപ്പോൾ അടുത്തുള്ള പെട്ടിക്കടയിൽനിന്നു നാരങ്ങാവെള്ളം കുടിക്കാൻ മാസ്ക് ഉൗരിമാറ്റി. ഈസമയം ഇതുവഴി വന്ന ഇടുക്കി പോലീസ് രാജുവിന് മുഖാവരണം ധരിക്കാത്തതിനുള്ള പെറ്റി എഴുതിക്കൊടുത്തു.
സിമന്റ് ഇറക്കിയതിനു ലഭിച്ച കൂലി 100 രൂപ. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പോലീസ് പെറ്റി നൽകിയത് 200 രൂപ. ഉത്തരവാദിത്വമുള്ള പോലീസായാൽ ഇങ്ങനെ വേണം. ലോക്ക് ഡൗണിൽ വീട്ടിൽ കഴിഞ്ഞ തൊഴിലാളിയെ വിളിച്ചുവരുത്തി പണികൊടുത്തു. പക്ഷേ അത് എട്ടിന്റെ പണിയായിപ്പോയെന്നുമാത്രം.
പോലീസ് സൊസൈറ്റിക്ക് പുതിയ കെട്ടിടം നിർമിക്കാനായി മണ്ണെടുത്ത സ്ഥലത്ത് വലിയ ഗുഹ കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം നിർമിക്കുന്നതിന് ഇന്നലെ എത്തിയ സിമന്റാണ് ലോറിയിൽനിന്നു തൊഴിലാളികൾ ഇറക്കിയത്.