മുംബൈ: മഹാരാഷ് ട്രയിലെ ജൽഗാവിൽ ഉപയോഗിച്ച മാസ്കുകൾകൊണ്ട് കിടക്കകൾ നിർമിച്ചുവരികയായിരുന്ന ഫാക്ടറി പോലീസ് അടച്ചുപൂട്ടി.
റെയ്ഡിനു ശേഷമായിരുന്നു കുസുംബ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടിയത്.
പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് സാമഗ്രികളോ ഉപയോഗിക്കുന്നതിനു പകരം ഉപയോഗിച്ച മാസ്കുകൾകൊണ്ടായിരുന്നു ഇവിടെ കിടക്കനിർമാണം.
ജൽഗാവിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനി(എംഐഡിസി)ൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു നടപടി.
വിവിധയിടങ്ങളിൽനിന്ന് ഉപയോഗശൂന്യമായ മാസ്കുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിരുന്നു.
തുടർന്നു നടത്തിയ റെയ്ഡിൽ ഫാക്ടറിക്കുള്ളിലും പരിസരത്തും മാസ്കുകളുടെ വൻശേഖരം പോലീസ് കണ്ടെത്തി.
ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു.
ഫാക്ടറിയിൽ കണ്ടെത്തിയ മാസ്ക്ശേഖരം കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പോലീസ് നശിപ്പിച്ചു.
2020 മാർച്ചിനുശേഷം ഇന്ത്യയിൽ പ്രതിദിനം 1.5 കോടി മാസ്ക് നിർമിക്കുന്നുണ്ട്. ഉപയോഗിച്ച മാസ്കുകളുടെ നിർമാർജനം ഇന്ത്യയിൽ വേണ്ട രീതിയിൽ നടക്കുന്നില്ല.
2020 ജൂണിനും സെപ്റ്റംബറിനും ഇടയിൽ മാത്രം 18,000 ടണ്‍ കോവിഡ് അനുബന്ധ ബയോ മെഡിക്കൽ മാലിന്യമാണു രാജ്യത്തുണ്ടായത്.
ഗ്ലൗസ്, മാസ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.