സിംഗപ്പൂർ: 70 ശതമാനം പൊതുജനങ്ങൾ കൃത്യമായി മാസ്ക് ധരിച്ചാൽ കോവിഡ്-19 മഹാമാരിയുടെ വ്യാപനം കുറയ്ക്കാമെന്നു പഠനം.
മാസ്ക് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെയും എത്രസമയം മാസ്ക് ഉപയോഗിക്കുന്നുണ്ട് എന്നതിനെയും അടിസ്ഥനപ്പെടുത്തിയാണു പഠനം.
കോവിഡ് രോഗബാധിതരിൽനിന്ന് എത്രപേർക്കു രോഗം പടർന്നെന്നുള്ള പഠനം ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന ജേർണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വൈറസ് വ്യാപനം തടയാൻ 70 ശതമാനം ഫലപ്രദമായ സർജിക്കൽ മാസ്ക് പോലെയുള്ള മാസ്കുകൾ 70 ശതമാനം പേർ ധരിക്കുകയാണെങ്കിൽ കോവിഡ് വ്യാപനം തടയാൻ സാധിക്കുമെന്നു സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സഞ്ജയ് കുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ പഠനത്തിൽ പറയുന്നു.
സാധാരണ തുണിമാസ്ക് ധരിച്ചാലും വൈറസ് വ്യാപനം കുറയ്ക്കുമെന്നും കുമാർ പറഞ്ഞു. മാസ്ക് ധരിക്കുകയാണെങ്കിൽ ചുമ, തുമ്മൽ, ശ്വാസം എന്നിവ വഴി ഒരാളിൽനിന്ന് അന്തരീക്ഷത്തിലേക്കു ചെറുജലകണങ്ങൾ പടരുന്നതു തടയാൻ സാധിക്കും.
ഒരാളിൽനിന്ന് അന്തരീക്ഷത്തിലേക്ക് അഞ്ചു മുതൽ പത്ത് മൈക്രോൺ വരെ വരുന്ന വലിയ ജലകണങ്ങൾ പടരുന്നതു സാധാരണയാണ്. അഞ്ചു മൈക്രോണിൽ താഴെയുള്ള ജലകണങ്ങളാണ് കൂടുതൽ അപകടകരം.
മനുഷ്യന്റെ തലമുടിയുടെ വ്യാസം 70 മൈക്രോണാണ്. തുണിമാസ്ക്, സർജിക്കൽ മാസ്ക്, എൻ95 മാസ്ക് എന്നിവയാണു സാധാരണ ഉപയോഗത്തിലുള്ളത്.