പത്തനംതിട്ട: മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് പോലീസ് ചുമത്തുന്ന പിഴ അടയ്ക്കേണ്ടത് കോടതിയിൽ. ജൂണിൽ കോടതി തുറക്കുന്നതനുസരിച്ച് പിഴ കോടതിയിൽ ഹാജരായി അടയ്ക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ആദ്യ പിഴവിന് 200 രൂപയും പിന്നീടുണ്ടാകുന്ന പിഴവിന് 5000 രൂപയുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. രണ്ടുദിവസങ്ങൾക്കുള്ളിൽ 106 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ 17 വരെ നീട്ടിയ സാഹചര്യത്തിൽ, ഓറഞ്ച് മേഖലയിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിൽ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
ഒരുതരത്തിലുമുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ ആളുകൾ പുറത്തിറങ്ങരുത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളിലെ മദ്യപാനം പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പാടില്ല തുടങ്ങിയ മുഴുവൻ നിബന്ധനകളും പാലിക്കപ്പെടുന്നതായി നിരീക്ഷിക്കും.
ഇവയുടെ ലംഘനങ്ങൾ തടഞ്ഞു ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്നത് തുടരും. സമീപ ജില്ലകളുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ എല്ലാ പ്രദേശങ്ങളും അടച്ചുള്ള വാഹന പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തും.