ചെറുതോണി: പഠിച്ച ശീലം ഉപേക്ഷിക്കാൻ തയാറാകാതെ മലയാളികൾ. ഉപയോഗിച്ചശേഷം മുഖാവരണം പൊതുവഴിയിൽ ഉപേക്ഷിക്കുന്നത് വലിയ ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്ന് ആശങ്ക.
ആശുപത്രികളിലും ടൗണുകളിലും മറ്റും പോയി മടങ്ങുന്നവർ വായും മൂക്കും മറയ്ക്കാനുപയോഗിച്ച മുഖാവരണമാണ് പൊതുവഴിയിലും റോഡരികിലെ പറന്പുകളിലും ഉപേക്ഷിക്കുന്നത്.
രോഗമുള്ളവരും ഇല്ലാത്തവരും മുഖാവരണം ധരിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാസ്കുകൾ രോഗമുള്ളവർ ധരിച്ചതാണോ എന്നറിയാത്തതിനാൽ എടുത്തുമാറ്റി നശിപ്പിക്കാനും ആളുകൾക്ക് ഭയമാണ്.
ആശുപത്രികളിലെത്തുന്നവർ ധരിച്ചുകൊണ്ടുവരുന്ന മുഖാവരണം തിരികെ പോകുന്പോൾ ആശുപത്രി പരിസരത്തുതന്നെ പലരും ഉപേക്ഷിക്കുന്നതായി പറയുന്നു.
ഇവ കാറ്റ് പറത്തി കുടിവെള്ളമുൾപ്പെടെയുള്ളവയിൽ വീഴുമോയെന്നും ആളുകൾ ആശങ്കപ്പെടുന്നു. ഇടുക്കി കളക്ടറേറ്റിലെത്തുന്നവർ മാസ്കുകൾ കളക്ടറേറ്റിനു സമീപം റോഡരികിൽതന്നെ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പൊതുസ്ഥാപനങ്ങളിലെത്തുന്നവരും വാഹനങ്ങളിൽ യാത്രചെയ്യുന്നവരും സുപരിചിതമല്ലാത്ത മുഖാവരണം ധരിച്ച് യാത്രചെയ്യുന്പോൾ മുഖം വിയർക്കുകയോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുകയോ ചെയ്യുന്പോൾ അവ ഉപേക്ഷിക്കുന്നതാണ് പൊതുവഴികളിൽ കണ്ടെത്തുന്നത്.
മുഖാവരണം വഴിയിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തുക എളുപ്പമല്ല. എന്നാൽ മുഖാവരണം നൽകുന്നവർതന്നെ അത് ഉപയോഗിച്ചശേഷം സുരക്ഷിതമായി നശിപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
കൂടാതെ ഒരിക്കൽമാത്രം ഉപയോഗിക്കാവുന്ന മുഖാവരണത്തിനുപകരം കഴുകി ഉപയോഗിക്കാവുന്നത് പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ പൊതുവഴികളിൽ ഉപേക്ഷിക്കപ്പെടുന്ന മാസ്കുകളുടെ എണ്ണം കുറയുമെന്നും വിലയിരുത്തപ്പെടുന്നു.