പുതുക്കാട്: നന്തിപുലം കാര്യാട്ടുപറന്പിൽ ശ്രീധരൻ – സീത ദന്പതികളുടെ മകൾ അഞ്ജുവിന്റെ വിവാഹ ക്ഷണക്കത്ത് കോവിഡ് കാലത്ത് ജനങ്ങൾക്കു മാതൃകയാവുന്നു .
ജൂലൈ ആറിനു നടക്കുന്ന വിവാഹത്തിനുള്ള ക്ഷണക്കത്ത് മാസ്കിന്റെ മാതൃകയിലാണ്. ക്ഷണക്കത്തിന്റെ ആദ്യഭാഗത്തു തന്നെ ബ്രേക്ക് ദ ചെയിൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കഴിഞ്ഞാണ് വിവാഹ ക്ഷണം.
മുരിയാട് എൽപി സ്കൂളിലെ താത്കാലിക അധ്യാപികയായ അഞ്ജുവിനു തന്റെ വിവാഹക്ഷണക്കത്തിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന വിവാഹമായതിനാൽ കൊവിഡ് വിരുദ്ധ സന്ദേശം തന്നെയാകട്ടെയെന്നായിരുന്നു അഞ്ജുവിന്റെ താത്പര്യം.
തൃശൂരിൽ സ്വകാര്യ സ്ഥപനത്തിൽ ഓഫീസ് അസിസ്റ്റന്റായ വരൻ പ്രശാന്തും അഞ്ജുവിന്റെ മാതാപിതാക്കളും പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ ബന്ധുകൂടിയായ സബിൻ മാസ്കിന്റെ ആകൃതിയിൽ ക്ഷണക്കത്ത് തയ്യാറാക്കുകയായിരുന്നു.
ബ്രേക്ക് ദ ചെയിൻ സന്ദേശവുമായി ഇറങ്ങിയ കല്യാണക്കുറിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ ഇവരുടെ ബന്ധുമിത്രാദികൾ.