നീലേശ്വരം: മാസ്ക് ധരിക്കാതെ ബസില്‍ യാത്ര ചെയ്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത് തെറിയഭിഷേകം. ഒടുവിൽ യുവാക്കളെ പോലീസിന് കൈമാറി. ഇന്നലെ രാവിലെ 8.15 ഒാടെയാണ് സംഭവം.
കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന മെഹബൂബ് ബസിലെ യാത്രക്കാരായ രണ്ടു യുവാക്കളാണ് ബസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
അടുത്തിരുന്ന യാത്രക്കാരന് ഇവരോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസ്ക് ധരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
കണ്ടക്ടറും മാസ്ക് ധരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് യാത്രക്കാര്‍ക്ക് നേരെ അസഭ്യം തുടരുകയായിരുന്നു. ഇതില്‍ ഒരു യുവാവ് താന്‍ എക്സ് മിലിട്ടറിക്കാരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
മാസ്ക് ധരിക്കാന്‍ പറഞ്ഞ യാത്രക്കാരന് ഇതിനിടയില്‍ ചെറുവത്തൂരില്‍ ഇറങ്ങിയെങ്കിലും അസഭ്യം തുടരുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാര്‍ ഇവര്‍ക്കെതിരെ സംഘടിച്ച് ബസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബസ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ പോലീസിന് കൈമാറി. യുവാക്കള്‍ക്കെതിരേ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറഞ്ഞു.