നൗഷാദ് മാങ്കാംകുഴി
കായംകുളം: കഴിഞ്ഞ നാല്പത് വർഷമായി കായംകുളം എരുവ ഗ്രാമത്തിൽ റമദാൻ നോന്പ് കാലത്ത് ഇടയത്താഴത്തിന് വിശ്വാസികളെ ഉണർത്താൻ ദഫ് കൊട്ടി പാട്ടുപാടി ഇറങ്ങാറുള്ള മസൂദ് ഭായി ഇത്തവണ വരാതിരുന്നത് ഗ്രാമവാസികളെ വിഷമത്തിലാക്കി. ഈ നോന്പ് കാലത്ത് സ്വന്തം നാട്ടിൽ തന്നെ മസൂദ് ഭായി ഉണർത്തുപാട്ടുമായി തങ്ങിയതോടെയാണ് കായംകുളത്തേക്ക് ഇത്തവണ എത്താഞ്ഞതെന്നാണ് ഗ്രാമവാസികൾ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.
തമിഴ്നാട്ടിലെ പൊട്ടൽപുത്തൂർ ഗ്രാമത്തിൽ നിന്നാണ് 64 കാരനായ മസൂദ്ഭായി എരുവ ഗ്രാമത്തിൽ എല്ലാവർഷവും മുടക്കമില്ലാതെ ഉണർത്തുപാട്ടുമായി എത്തിയിരുന്നത്. നോന്പിന് പിറ കാണും മുന്പേ മസൂദ് ഭായി എരുവയിൽ എത്തുമായിരുന്നു. ഭായി എത്തിയാൽ നോന്പ് പിടിക്കാൻ ഗ്രാമവാസികൾ ഇടയത്താഴത്തിന് എഴുന്നേൽക്കാൻ പുലർച്ചെ എഴുന്നേൽക്കാൻ അലാറം വെക്കാറില്ല. കാരണം ഇടയത്താഴത്തിന്റെ സമയം അറിയിച്ച് അറബന മുട്ടി പാട്ടുപാടി അപ്പോഴേക്കും ഭായി എത്തിയിരിക്കും.
ഭായിയുടെ പാട്ട് കേൾക്കുന്പോൾ തന്നെ എല്ലാവരും എഴുന്നേറ്റ് ഇടയത്താഴത്തിന് തയാറാകും. കഴിഞ്ഞ വർഷം പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്കായി ദഫ് കൊട്ടി പാട്ടുകൾ പാടി കേൾപ്പിച്ചാണ് മസൂദ് ഭായി നാട്ടിലേക്ക് മടങ്ങിയത്. എരുവ ഗ്രാമവും മസൂദ് ഭായിയും തമ്മിൽ വലിയ ആത്മ ബന്ധമാണുള്ളത്. പ്രവാചക കീർത്തന ഗാനങ്ങളാണ് ഉണർത്തുപാട്ടായി ഭായി പാടാറുള്ളത്.
പണ്ട് ഇടയത്താഴത്തിന് നോന്പ് കാലത്ത് ദഫ് കൊട്ട് സംഘങ്ങൾ സജീവമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇത് അപ്രത്യക്ഷമായി. ഇതിനിടയിലാണ് എരുവ ഗ്രാമത്തിൽ പഴമയുടെ ഓർമകളും നിലനിർത്തി മസൂദ് ഭായി എത്തിയിരുന്നത്. പെരുന്നാൾ കഴിഞ്ഞ് ഗ്രാമം നൽകുന്ന സഹായവും ഏറ്റുവാങ്ങി പകരം ഗ്രാമവാസികൾക്ക് അത്തറുകൾ സമ്മാനിച്ചാണ് മസൂദ് ഭായി തമിഴ്നാട്ടിലേക്ക് മടങ്ങാറുള്ളത്.
നാട്ടിലെത്തിയാൽ സുഗന്ധ ദ്രവ്യങ്ങളുടെയും നമസ്ക്കാര തൊപ്പിയുടെയും വ്യാപാരത്തിൽ ഭായി സജീവമാകും. ഇത്തവണ പെരുന്നാളിന് മുന്പെങ്കിലും അത്തറുമായി മസൂദ് ഭായി എത്തുമെന്ന കാത്തിരിപ്പോടെ പ്രതീക്ഷയിൽ കഴിയുകയാണ് എരുവ ഗ്രാമവാസികൾ.