ഇസ്ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് തലവനായ കൊടുംഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നെന്ന് റിപ്പോർട്ട്. എന്നാൽ മസൂദിന്റെ അസുഖമെന്താണെന്ന കാര്യം ഇതുവരെ പുറത്തു വന്നിട്ടില്ല. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാത്രി 7.30ഒാടെ മസൂദിനെ ഡിസ്ചാർജ് ചെയ്ത് ഗോദ് ഘാനിയിലെ ജയ്ഷ്-ഇ-മുഹമ്മദ് ക്യാന്പിലെത്തിച്ചു.
ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ജയ്ഷ്-ഇ-മുഹമ്മദായിരുന്നു. സൈനിക ആശുപത്രിയിലിരുന്നാണ് ഇയാൾ പുൽവാമയിലെ അക്രമണത്തിന് നേതൃത്വം നൽകിയത്.
പുൽവാമ ആക്രമണത്തിനു ശേഷം 10 പാക്കിസ്ഥാനി സ്പെഷൽ കമാൻഡോകളുടെ അധിക സുരക്ഷയും മസൂദിന് പാക് ഭരണകൂടം നൽകി. മസൂദ് അസ്ഹർ മരിച്ചതായി ഇന്നലെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും മസൂദ് അസർ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തേ, മസൂദ് അസ്ഹർ മരിച്ചിട്ടില്ലെന്നു ജയ്ഷ്-ഇ-മുഹമ്മദ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മസൂദ് അസർ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നാണ് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. വൃക്കരോഗം ബാധിച്ചിരുന്ന അസറിന് ഡയാലിസിസ് നടത്തിവരികയായിരുന്നു.
മസൂദ് അസ്ഹറിനു സുഖമില്ല എന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നല്കിയിരുന്നു. വീടിനു പുറത്തുപോകാൻ കഴിയാത്തവിധം അസ്ഹർ രോഗബാധിനാണെന്നായിരുന്നു ഖുറേഷി പറഞ്ഞത്.
2001ലെ പാർലമെന്റ് ആക്രമണം, 2016ലെ ഉറി സൈനിക ക്യാന്പ് ആക്രമണം എന്നിവയിലെല്ലാം ജയ്ഷിനു പങ്കുണ്ടായിരുന്നു. 1994ൽ ഇന്ത്യയിൽ അറസ്റ്റിലായ അസ്ഹറിനെ മോചിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് 1999ൽ കാഠ്മണ്ഡുവിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു കൊണ്ടുപോയത്. തുടർന്ന് അസ്ഹറിനെ വാജ്പേയി സർക്കാർ മോചിപ്പിച്ചു. വിമാനം തട്ടിക്കൊണ്ടുപോയ ഭീകരരിൽ മസൂദ് അസ്ഹറിന്റെ സഹോദരനുമുണ്ടായിരുന്നു.