നിയാസ് മുസ്തഫ
ജയ്ഷ് ഇ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്രമേഖലയുടെ വിജയം.യുഎൻ സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരമുള്ള അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചവരാണ്.
പക്ഷേ ചൈന പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. നാലു തവണയാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ചൈന എതിർത്തത്. ഒടുവിൽ ചൈനയ്ക്കും നിലപാട് മാറ്റേണ്ടി വന്നു. മസൂദ് അസറിനെ ആഗോള ഭീകരനാക്കണമെന്ന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടു വരികയായിരുന്നു.
മസൂദിന് പൂട്ടു വീഴും
ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദിന് ഇനി പാക്കിസ്ഥാനിൽനിന്ന് പുറത്തേക്ക് പോകാനാവില്ല. നിലവിൽ പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയുമൊക്കെ സംരക്ഷണയിൽ ഒളിത്താവളത്തിലും മറ്റുമായി കഴിയുന്ന മസൂദിനെ സംരക്ഷിക്കാൻ ഇനി പാക്കിസ്ഥാനും ആവില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് ഇനി നീങ്ങേണ്ടിയും വരും. മസൂദിന്റെ സ്വത്തുക്കളും കണ്ടുകെട്ടും. യാത്രാ വിലക്ക് വീഴും. ആയുധം കൈവശം വയ്ക്കാനും സാധിക്കില്ല.
ഇന്ത്യയുടെ നയതന്ത്ര വിജയം
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം തന്നെ. ഇന്ത്യ നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഇപ്പോൾ വിജയത്തിൽ എത്തിയത്. നാലു തവണയാണ് ചൈന യുഎൻ സുരക്ഷാ കൗൺസിലിൽ ഇതുസംബന്ധിച്ച പ്രമേയം വീറ്റോ ഉപയോഗിച്ച് എതിർത്തത്. പാക്കിസ്ഥാനുമായുള്ള രഹസ്യധാരണയുടെ പേരിലാണ് ചൈന പ്രമേയത്തെ എതിർത്തുവന്നത്. ഒടുവിൽ ചൈനയെകൊണ്ട് അനുകൂല തീരുമാനമെടുക്കാൻ കഴിഞ്ഞതോടെ ഇന്ത്യ വൻ നയതന്ത്രനേട്ടം കൈവരിച്ചിരിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷമാണ് ഇതേ ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. മസൂദിനെ ആഗോളഭീകരനായി മുദ്ര കുത്തുന്നതിനെ എതിർത്തുവന്ന ചൈനയുടെ മേൽ വീറ്റോ പവറുള്ള മറ്റു രാജ്യങ്ങളെക്കൊണ്ട് സമ്മർദം ചെലുത്താനും ഇന്ത്യക്കായി. ചെറുതും വലുതുമായ എല്ലാവരുടെയും പ്രയത്നത്തിന്റെ വിജയമാണിതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസിഡർ സയ്യിദ് അക്ബറുദീൻ പറഞ്ഞു.
ഇന്ത്യയുടെ ശബ്ദം അവഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി
മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാണ് പുതിയ ഇന്ത്യ. 130 കോടി ജനങ്ങളുടെ ഗർജനം ലോകമെങ്ങും പ്രതിധ്വനിക്കുകയാണ്. ഇനി ആർക്കും ഇന്ത്യയുടെ വാക്കുകളെ അവഗണിക്കാനാകില്ല. ഇതൊരു തുടക്കം മാത്രമാണ്. കാത്തിരിന്ന് കാണൂവെന്നും മോദി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജയപൂരിൽ വച്ച് നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിന്റെ വേരുകൾ അറുത്ത് മാറ്റുന്നതിന് ഇന്ത്യയെടുത്ത പ്രയത്നത്തിന്റെ ഫലമാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ രാജ്യത്തിന്റെ ശബ്ദം ഇനി അവഗണിക്കാനാകില്ല. റിമോട്ട് കണ്ട്രോളിലായിരുന്നു മുൻ സർക്കാർ പ്രവർത്തിച്ചിരുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശബ്ദം ആരും തന്നെ കേട്ടിരുന്നില്ല. എന്നാൽ 130 കോടി ജനങ്ങൾ യുഎന്നിൽ ഒരു സ്വാധീനം ചെലുത്തിയിരിക്കുകയാണ്. ചൗക്കിദാർ ഇന്ത്യയുടെ മൂല്യം വർധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ ഭീഷണിയിലാക്കുന്നവരുടെ താവളങ്ങളിൽ പോയി അവർക്കെതിരെ നമ്മൾ പോരാടും. ബിജെപി ശക്തമായ സർക്കാരാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
പ്രമേയത്തെ അംഗീകരിക്കുന്നു: പാക്കിസ്ഥാൻ
മസൂദ് അസറിനെ ആഗോള ഭീകരനാക്കിക്കൊണ്ടുള്ള യുഎൻ പ്രഖ്യാപനം അംഗീകരിക്കുന്നതായി പാകിസ്ഥാൻ. യുഎൻ പ്രഖ്യാപനം ഉടൻ നടപ്പിലാക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. അതേസമയം ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാക്കാനുള്ള നീക്കത്തെ പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ എതിർത്തു. തീവ്രവാദം ലോകത്തിന് തന്നെ ശല്യമാണെന്ന് പാകിസ്ഥാൻ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായ നിയമങ്ങളിലൂടെയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. എല്ലാവരുടെയും സമ്മതപ്രകാരമാണ് തീരുമാനമെടുത്തത്. ഇത് പാകിസ്ഥാൻ അംഗീകരിക്കുന്നു. എന്നാൽ യുഎൻ കമ്മിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് പാകിസ്ഥാൻ എതിർക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ബിജെപി
മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ബിജെപി. ഇനി മൂന്നു ഘട്ടം തെരഞ്ഞെടുപ്പ് കൂടി നടക്കാനുണ്ട്. യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും എല്ലാം ഇന്ത്യയുടെ നയതന്ത്ര വിജയം ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. മോദി ലോകനേതാവായി മാറിയതിന്റെ സൂചനയായി യുഎൻ പ്രഖ്യാപനത്തെ ബിജെപി ഉയർത്തിക്കാട്ടും. ബാലാകോട്ട് സർജിക്കൽ സ്ട്രൈക്കിനൊപ്പം മസൂദിനെ ഭീകരനാക്കി മാറ്റിയതും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ചർച്ചയാകും.
ഇന്ത്യയുടെ യശസ് ലോകരാജ്യങ്ങൾക്കിടയിൽ ഉയർന്നത് മോദിയുടെ ഇടപെടൽ കാരണമെന്ന് വിശദീകരിച്ചാകും ബിജെപിയുടെ പ്രചാരണം. ഈ സാഹചര്യത്തെ നേരിടാൻ കോൺഗ്രസും കരുതലോടെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് മോദി സർക്കാരിന്റെ മാത്രം നേട്ടമായി കാണാനാകില്ലെന്നും യുപിഎ സർക്കാർ ഇതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ വിശദീകരിക്കുന്നു. നാലുഘട്ടമായി 373 സീറ്റുകളിലെ വോട്ടെടുപ്പ് ഇതുവരെ പൂർത്തിയായി.
ഇനി മൂന്നു ഘട്ടങ്ങളിലായി 169 സീറ്റുകളിലെ വോട്ടെടുപ്പ് പൂർത്തിയാകാനുണ്ട്. ബിജെപിക്കു വളരെ നിർണായകമാണ് ഇനി വരുന്ന ഘട്ടങ്ങൾ. 169ൽ 118 സീറ്റിലും കഴിഞ്ഞ തവണ ബിജെപിയാണു ജയിച്ചത്. പാർട്ടി ആകെ നേടിയ 282 സീറ്റിന്റെ 42 ശതമാനം ആണിത്. ഈ മുൻതൂക്കം നിലനിർത്താനാകും ബിജെപിയുടെ ശ്രമം. ഇതിന് യുഎൻ പ്രഖ്യാപനം നല്ലൊരു പ്രചാരണ വിഷയമാണെന്ന് ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു.