സ്വന്തം ലേഖകന്‍
കോഴിക്കോട്: വീണ്ടും കോഴിക്കോടിനെ പിടിച്ചുലച്ച് അനാശാസ്യ പ്രവര്‍ത്തനം. വാടക വീടുകളിലും ലോഡ്ജുകളില്‍ നിന്നു മാറി മസാജ് പാര്‍ലറിന്റെ മറവിലാണ് ഇത്തവണയെന്ന വ്യത്യാസം മാത്രമാണുള്ളത്. കുതിരവട്ടത്തെ നാച്വറല്‍ വെല്‍നെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനമാണ് ഇത്തവണ വില്ലന്‍.
ഓണ്‍ ലൈനിലൂടെയായിരുന്നു ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചത്. ഓണ്‍ലൈനില്‍ മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി.
സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് മറ്റു ഇടപാടുകളാണ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം ചേവായൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും വാടക വീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയവരെയും പോലീസ് പൊക്കിയിരുന്നു.
മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന അനാശാസ്യ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ പോലീസ് നീരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ലോക്ക്ഡൗണ്‍ കാലത്തും ഇത്തരം ഇടപാടുകള്‍ മസാജ് സെന്ററില്‍ നടന്നിരുന്നതായി പോലീസ് പറയുന്നു.
സ്ഥാപനത്തിന്റെ മാനേജര്‍ വയനാട് മാനന്തവാടി സ്വദേശി പി.എസ്.വിഷ്ണു(21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്റൂഫ്(34) എന്നിവരെയാണ് മെഡി. കോളജ് പോലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. ഇവിടെയുണ്ടായിരുന്ന മൂന്നു സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
അനുമതിയില്ല… പക്ഷേ
കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു സ്ത്രീകളെ ഉപയോഗിച്ചായിരുന്നു ആളുകളെ ആകര്‍ഷിച്ചിരുന്നത്. അയ്യായിരം രൂപമുതല്‍ കസ്റ്റമേഴ്സില്‍നിന്നും ഈടാക്കിയിരുന്നു. നിരന്തര പരാതിയെ ത്തുടര്‍ന്ന് വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂര്‍ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ചിരുന്നു.
എന്നാല്‍ പോലീസ് കോവിഡ് കാലത്ത് തിരക്കിലായതോടെ വീണ്ടും അനാശാസ്യം കൊടികുത്തിവാണു. ഇതര ജില്ലകളില്‍നിന്ന് ആളുകള്‍ ഇവിടെ എത്താറുണ്ടായിരുന്നു. വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ മസാജ് സെന്ററിലെ നിത്യസന്ദര്‍ശകരായിരുന്നു.
കോഴിക്കോട്ട് ഒരു മാസത്തിനിടെ ആറു കേസുകള്‍
ഒരുമാസത്തിനിടെ കോഴിക്കോട് പോലീസിന്റെ പിടിയിലായത് വന്‍ റാക്കറ്റുകള്‍. കോഴിക്കോട് ചേവായൂരില്‍ വാടക വീടു േകന്ദ്രീകരിച്ച നടന്ന അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിന് മുന്‍പ് ലോഡ്ജില്‍ കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയിലായി.
എലത്തൂര്‍ സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസും വിവാഹവാഗദാനം നല്കി പീഡിപ്പിച്ച കേസും വേറെ. ഇതടക്കം ഒരുമാസത്തിനിടെ ആറ് കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്താണ് ഇത്തരം കേന്ദ്രങ്ങള്‍ അനാശാസ്യ കേന്ദ്രങ്ങള്‍ തഴച്ചുവളര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.
സ്പാ സെന്ററിലെ അനാശാസ്യം ജീവനക്കാര്‍ക്ക് ശമ്പളം മാത്രം,ഉടമകള്‍ ഉണ്ടാക്കിയത് ലക്ഷങ്ങള്‍
കോഴിക്കോട്: മസാജ് സെന്ററിലെ അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികള്‍ സ്ഥാപന നടത്തിപ്പുകാരാണെന്നു പോലീസ്.
ഇന്നലെ അറസ്റ്റിലായ സ്ഥാപനത്തിലെ മാനേജര്‍ ഒരു മാസമാകുന്നതേയുള്ളൂ ജോലിക്ക ു കയറിയിട്ട്. പെണ്‍കുട്ടികള്‍ രണ്ടും മൂന്നും മാസമായി ഇവിടെയുണ്ട്. സമീപ വാസികളില്നിന്നു ലഭിച്ച പരാതി പ്രകാരമാണ് സ്ഥാപനം പോലീസ് നീരീക്ഷണത്തിലായത്.
സ്ഥാപനത്തില്‍ റെയ്ഡ് നടന്നതറിഞ്ഞു മൂന്നു സ്ഥാപന ഉടമകളും ഒളിവിലാണ്. പണം ഉണ്ടാക്കിയത് മുഴുവന്‍ ഇവരാണെന്നും സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ശമ്പളമാണ് നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു.
സ്ഥാപനത്തിന് മറ്റിടങ്ങളിലും ശാഖകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. സ്ത്രീകളെ ജീവനക്കാരായി അവതരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടന്നിരുന്നത്.
സ്ഥാപനത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതും ഇവര്‍ തന്നെയായിരുന്നു. ജീവനക്കാരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഉടമകള്‍ വല്ലപ്പോഴും മാത്രമേ ഇവിടെ വരാറുള്ളൂവെന്നും പോലീസ് അറിയിച്ചു.