ആകര്ഷകമായ വാഗ്ദാനത്തില്പ്പെട്ട് മസാജ് സെന്ററിലെത്തുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാര്ലര്’ സംഘം അറസ്റ്റില്.
അഞ്ച് ഏഷ്യക്കാരെയാണ് ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം മസാജുകളും സ്പായും നല്കാമെന്നു പറഞ്ഞ് ബിസിനസ് കാര്ഡുകള് വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്.
മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയില് ചെയ്യുകയും കത്തിമുനയില് നിര്ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകളുടെ ചിത്രങ്ങള് കാട്ടിയുള്ള ബിസിനസ് കാര്ഡുകളിലൂടെയാണ് ഇവര് ആളുകളെ ആകര്ഷിക്കുന്നത്.
റോള ഏരിയയില് പ്രതികളിലൊരാള് ഇത്തരം ബിസിനസ് കാര്ഡുകള് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര് കേണല് ഒമര് അബു സൗദ് പറഞ്ഞു.
പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു.
പെട്ടികള് നിറയെ മസാജ് സര്വീസുകളുടെ നിരവധി ബിസിനസ് കാര്ഡുകള് കണ്ടെത്തി.
ഇതിനു പുറമേ പലതരത്തിലും വലുപ്പത്തിലുമുള്ള കത്തികളും കണ്ടെത്തി. തുടര്ന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ പിടികൂടിയതും.
അറസ്റ്റിലായ മുഴുവന് പ്രതികളും കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. തുടര് നടപടികള്ക്കായി ഇവരെ ബന്ധപ്പെട്ടവര്ക്ക് കൈമാറുകയും ചെയ്തു.
ജനങ്ങള് ഇത്തരം തട്ടിപ്പുകാരെ ശ്രദ്ധിക്കണമെന്നും ഇതുപോലുള്ള കാര്യങ്ങള് ശ്രദ്ധയില്പ്പെട്ടാല് ഉടനെ അധികാരികളെ അറിയിക്കണമെന്നും ഷാര്ജ പൊലീസ് പറഞ്ഞു.
മലയാളികള് ഉള്പ്പെടെയുള്ളവര് തട്ടിപ്പിന് ഇരകളായിട്ടുണ്ടെങ്കിലും അപമാനം ഭയന്നു പരാതിപ്പെടാത്തതാണ് ഇത്തരക്കാര്ക്ക് സൗകര്യമാകുന്നത്.