സീമ മോഹന്‍ലാല്‍
കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ്പോലെ മുളച്ചുപൊന്തുന്ന സ്പാകളിലും മസാജ് സെന്ററുകളിലും പിടിമുറുക്കി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 400 ലധികം കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
ഇതില്‍ ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് വ്യാജപ്രചാരണം നടത്തിയതിന് പനമ്പിള്ളി നഗറിലെ അനാബെല്‍ എന്ന മസാജ് പാര്‍ലര്‍ ഉടമയ്ക്കെതിരെ കേസെടുത്തു.
അനാശാസ്യ പ്രവര്‍ത്തനത്തിന് വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് സ്പായ്ക്കെതിരെയും രാസലഹരി കൈവശം വച്ചതിന് പാലാരിവട്ടം എസന്‍ഷ്യല്‍ ബോഡി കെയര്‍ ആന്‍ഡ് ബ്യൂട്ടി സ്പാ നടത്തിപ്പുകാരനെതിരെയും പോലീസ് കേസെടുത്തിരുന്നു. ലൈസന്‍സ് ഇല്ലാത്ത പല സ്പാകളും അടപ്പിച്ചു.
നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം തന്നെ മസാജിംഗ്, ക്രോസ് മസാജിംഗ് ബോര്‍ഡുകളുണ്ട്. ഇത്തരത്തിലുളള ചില കേന്ദ്രങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭം തന്നെയാണ്.
ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.
മലയാളികളും അന്യസംസ്ഥാനക്കാരികളുമായ യുവതികളെയാണ് തെറാപ്പിസ്റ്റ് എന്ന പേരില്‍ ഇത്തരം സ്പാകളില്‍ എത്തിച്ചിരിക്കുന്നത്.
മണിക്കൂറുകള്‍ക്ക് പണം നല്കി ലൈംഗിക സുഖം തേടിയെത്തുന്നവര്‍ എക്സ്ട്രാ മണി നല്കിയാല് എന്തു സാധിച്ചുകൊടുക്കാന്‍ ഈ സുന്ദരികള്‍ തയാറാണ്. പ്രതിദിനം 15,000 രൂപ വരെ ടിപ്പ് വാങ്ങുന്ന ലേഡി തെറാപ്പിസ്റ്റുകള്‍ കൊച്ചി നഗരത്തിലുണ്ട്. മസാജിംഗിന് എത്തുന്നവരില്‍ കൂടുതല്‍ പേരും 28 വയസിനു താഴെയുള്ളവരാണ്.
പ്രത്യേക ആപ്പുവഴിയും വാട്സ്ആപ്പിലൂടെയുമൊക്കെ ഫോട്ടോ കണ്ടാണ് ഇതര ജില്ലകളില്‍ നിന്നുപോലും ചെറുപ്പക്കാര്‍ കൊച്ചിയിലേക്ക് എത്തുന്നത്.
നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാ കേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാ ബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് മറപിടിക്കുന്നത്.
സ്പാകള്ക്കു മറവില്‍ ഹൈടെക് പെണ്‍വാണിഭം കൊഴുക്കുമ്പോള്‍ ജോലി തേടിയെത്തി ഇതില്‍ പെട്ടുപോകുന്നവരുമുണ്ട്. നാണക്കേടും ഭയവും മൂലം ചതിക്ക് ഇരയാകുന്നത് പലരും മറച്ചുവയ്ക്കുന്നു.
കാഷ് നോ പ്രോബ്ലം
ഡബിള്‍ ഗേള്‍ മസാജ് വിത്ത് മാജിക്കല്‍ ഹാപ്പി എന്‍ഡിംഗ്, ബോഡി ടു ബോഡി ഫുള്‍ നൂഡ് മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗ്, ബട്ടര്‍ഫ്ളൈ ഡബിള്‍ ലേഡി മസാജ് വിത്ത് ടു ടൈം ഹാപ്പി എന്‍ഡിംഗ് തുടങ്ങി ഏതുതരം മസാജും ഇവിടങ്ങളില്‍ ലഭ്യമാണ്. ഒരു മണിക്കൂറിന് 4,000 രൂപ മുതലാണ് റേറ്റ്.
ഒരു മണിക്കൂറിന് നോര്‍മല്‍ ഫുള്‍ ബോഡി മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗ് 2000 രൂപ, ബോഡി ടു ബോഡി ഫുള്‍ നൂഡ് മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗ് 4000 രൂപ, ബട്ടര്‍ഫ്ളൈ ഡബിള്‍ ലേഡി മസാജ് വിത്ത് ടു ടൈം ഹാപ്പി എന്‍ഡിംഗ് 3000 രൂപ… സ്പാകളിലെ ഹൈടെക് പെണ്‍വാണിഭത്തിന്റെ തുക ഇത്തരത്തിലാണ് ഈടാക്കുന്നത്.
കസ്റ്റമര്‍ സ്പായിലെത്തിയാല് ഇഷ്ടമുള്ള തെറാപ്പിസ്റ്റിനെ സെലക്ട് ചെയ്യാം. എക്സ്ട്രാ പണം നല്കിയാല് സിറ്റിംഗ് മണിക്കൂറുകളോളം നീട്ടി നല്‍കും.
സ്പായില്‍ വരാന്‍ മടിക്കുന്നവര്‍ക്കായി ഡോര്‍ ടു ഡോര്‍ മസാജിംഗ് സര്‍വീസും നഗരത്തിലുണ്ട്. പുരുഷന്മാര്ക്ക് സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വീട്ടിലോ ഹോട്ടലുകളിലോ എത്തി സര്‍വീസ് നടത്തി മടങ്ങുന്നതാണ് രീതി.
ക്രോസ് മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ക്രോസ് മസാജിംഗിന് റേറ്റ് അല്‍പ്പം കൂടുമെന്നു മാത്രം.
പ്രാഥമിക വിവരങ്ങള്‍ പോലുമില്ലാതെ
മസാജിംഗിന്റെ പ്രാഥമിക വിവരങ്ങള്‍ പോലും അറിയാതെ മസാജ് ചെയ്യുന്നവരാണ് തട്ടിക്കൂട്ട് സ്പായിലെ ലേഡി തെറാപ്പിസ്റ്റുകള്‍. ജീവിത പ്രാരാബ്ദങ്ങളില്‍ നിന്ന് കരകയറാനായി മനപൂര്‍വം ശരീരം വില്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
19 മുതല്‍ 44 വയസുവരെയുള്ളവരും ലേഡി തെറാപ്പിസ്റ്റ് സേവകരായുണ്ട്. എന്നാല്‍ വിവാഹിതര്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്.
മലയാളികള്‍ക്കൊപ്പം നേപ്പാളി, പഞ്ചാബി, ഫിലിപ്പീന്‍സ് യുവതികളും തെറാപ്പിസ്റ്റുകളായി കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറാപ്പിസ്റ്റിന് സ്പാ അനുവദിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 12,000 മുതല്‍ 15,000 രൂപ വരെയാണ്. മണിക്കൂറിന് 1000 രൂപയാണ് ടിപ്പ്. ഒരു ദിവസം അഞ്ചും ആറും കസ്റ്റമറെ വരെ അറ്റന്‍ഡ് ചെയ്യുന്ന തെറാപ്പിസ്റ്റുകളുമുണ്ട്.
ടിപ്പായി മാത്രം 20,000 30,000 രൂപ വരെ മാസം കിട്ടുന്നവരും കൊച്ചിയിലുണ്ട്. ഒരിക്കല്‍ അറ്റന്‍ഡ് ചെയ്ത തെറാപ്പിസ്റ്റിനെ വീണ്ടും അന്വേഷിച്ചുവരുന്ന കസ്റ്റമര്‍മാരും കുറവല്ല. പല സ്പാകളും കണക്ടഡ് സര്‍വീസായാണ് പ്രവര്‍ത്തിക്കുന്നത്.
പോലീസിന്റെ കൈയില്‍ കണക്കില്ല
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളെക്കുറിച്ച് കൊച്ചി സിറ്റി പോലീസിന്റെ കൈയില്‍ കണക്കുകള്‍ ഇല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്റ്റെഡ് ടാറ്റൂ സെന്ററില്‍ പീഡനം നടന്നപ്പോള്‍ അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ.അഭിലാഷിന്റെ നേതൃത്വത്തില്‍ സ്പാകളുടെയും മസാജ് സെന്ററുകളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു.
ഏകദേശം 80 സ്പാകളും മസാജ് സെന്ററുകളുമാണ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതെന്നാണ് സ്പെഷല്‍ബ്രാഞ്ച് എസി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസ് റെയ്ഡ് നടത്താന്‍ കഴിയാത്തതും ഇത്തരക്കാര്‍ക്ക് അനുകൂല അവസരമാണ് ഒരുക്കുന്നത്.
നഗരത്തിലെ സ്പാകളുടെ എണ്ണത്തെക്കുറിച്ച് കണക്കുകള്‍ ശേഖരിച്ചു തുടങ്ങിയതായി കൊച്ചി ഡിസിപി എസ്. ശശിധരന് പറഞ്ഞു.
അതേസമയം അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കൊച്ചി നഗരത്തില്‍ 700 ഓളം സ്പാകളും മസാജിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.