സീമ മോഹൻലാൽ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററുകളിലുമൊക്കെ ടെലി കോളറായും തെറാപ്പിസ്റ്റായുമൊക്കെ ഒട്ടേറെ പെൺകുട്ടികൾ ജോലി ചെയ്യുന്നു. ഇവിടേക്കുള്ള പരസ്യം കണ്ട് ജോലി തേടി സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി പെണ്‍കുട്ടികൾ എത്തിക്കൊണ്ടുമിരിക്കുന്നു.
ഇവരിൽ പലരും ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഗതികേടുകൊണ്ടും നാണക്കേട് ഭയന്നും പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
ലൈംഗികാതിക്രമത്തിൽനിന്നു രക്ഷപ്പെട്ട യുവതി (നവ്യ) സ്പായിൽ നേരിട്ടു കണ്ട കാര്യങ്ങളിൽ അവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമാണ്.
സ്പായില്‍ മസാജിംഗ് കഴിഞ്ഞ് കരഞ്ഞ മുഖവുമായി പുറത്തേക്കു വന്ന പഞ്ചാബി പെൺകുട്ടിയുടെ വാക്കുകളിലൂടെ താന്‍ സ്പായിലെ കെണി മനസിലാക്കിയതായി നവ്യ പറയുന്നു.
ആലുവയില്‍നിന്ന് മസാജിംഗിന് എത്തിയ 26കാരനായ കസ്റ്റമര്‍ ഒരു മണിക്കൂര്‍ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പഞ്ചാബി യുവതിയോട് ആവശ്യപ്പെട്ടത്.
അതിന് വഴങ്ങാതിരുന്ന അവരെ അയാള്‍ മര്‍ദിക്കാന്‍ ഒരുങ്ങിയതായും നവ്യ വെളിപ്പെടുത്തി.
സ്പാ സർവീസിംഗ് എന്ന ബോർഡ് കൊച്ചിയിൽ പലയിടത്തും കാണാനുണ്ട്. സ്പാ എന്നാൽ മസാജ് സെന്ററുകളാണെന്ന ധാരണയാണ് ഇന്നെല്ലാവർക്കുമുള്ളത്.
ഒരു പരിധിവരെ അതു ശരിവയ്ക്കുന്ന കാഴ്ചയാണ് സ്പാകളിൽ കാണാൻ കഴിയുന്നതും. ഒരു മസാജിന്റെ ചിത്രമെങ്കിലും പ്രദർശിപ്പിക്കാത്ത സ്പാ ഉണ്ടാകില്ലെന്നതാണ് വാസ്തവം.
അതേസമയം, ലൈസൻസും സർട്ടിഫിക്കറ്റും സഹിതം നല്ല രീതിയിൽ പ്രവർത്തിക്കുന്ന 80 ലധികം സ്പാകൾ കൊച്ചി നഗരത്തിലുണ്ട്. ഇവിടങ്ങളിൽ സ്പാകളുടെ സേവനം തേടിയെത്തുന്നവരും കുറവല്ല.
മാനസിക പിരിമുറുക്കം കുറയ്ക്കാൻ മസാജിംഗ്
വേഗതയേറിയ ആധുനിക നാഗരിക ജീവിതത്തിന്റെ ഭാഗമാണ് മാനസിക സമ്മർദവും പിരിമുറുക്കവും.
അതിൽനിന്നു കുറച്ചു സമയത്തേക്കെങ്കിലും രക്ഷനേടുന്നതിനായി സ്പാ സെന്ററുകളെ ആശ്രയിക്കുന്നവർ ദിനംപ്രതി വർധിച്ചുവരികയാണെന്ന് ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പാകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
മസാജ് ഇല്ലാത്ത സ്പാ മെനു ഒരിടത്തും കാണില്ല. ബോഡി മസാജിംഗും റീ ചാർജിംഗ് തെറാപ്പികളുമാണ് സ്പാ ട്രീറ്റ്മെന്റിൽ പ്രധാനമായും ഉൾപ്പെടുന്നത്.
മാനസികവും ശാരീരികവുമായ റിലാക്സേഷൻ മസാജിലൂടെ ലഭിക്കുന്നു. ശരീരത്തിലെ മൃതകോശങ്ങളെ മാറ്റി ചർമം തിളക്കമുള്ളതാക്കാൻ പ്രത്യേക തരം ബാത്തുകൾ, ശരീരത്തിന് അയവും നവോൻമേഷവും നൽകാൻ വിവിധ ബോഡി മസാജുകൾ, മുടിക്കും മുഖത്തിനും പ്രത്യേക ട്രീറ്റ്മെന്റുകൾ തുടങ്ങി വിവിധതരം സ്പാകൾ ഇന്ന് ലഭ്യമാണ്.
മസാജ് കഴിയുന്പോൾ ശരീരത്തിനും മനസിനും പുത്തൻ ഉണർവ് കൈവരുമെന്നതിൽ സംശയമില്ല. മസാജിനുശേഷം ലഭിക്കുന്ന സ്റ്റീം ബാത്തിലൂടെ ശരീരത്തിന് പ്രത്യേക ഉൻമേഷം ലഭിക്കും.
മസിലുകളുടെ ദൃഢത ഉറപ്പാക്കാനും മസിലുകളുടെ വേദന, ഉറക്കമില്ലായ്മ എന്നിവ മാറ്റാനും മസാജ് സഹായിക്കും.
ഇതിനെയാണ് ലൈംഗിക ചൂഷണത്തിന്റെയും ആളുകളുടെ പണം തട്ടുന്നതിന്റെയും വേദിയാക്കി ചിലരെങ്കിലും മാറ്റിയിരിക്കുന്നത്.
എന്താണ് സ്പാ
സ്പാ എന്ന ആശയം യൂറോപ്പിൽ രൂപപ്പെട്ടതാണ്. ഇതിന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല.
തുടക്കത്തിൽ സ്പാ എന്ന ആശയത്തിന് മസാജുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. വാട്ടർ ട്രീറ്റ്മെന്റ് എന്ന് അർഥം വരുന്ന ബാൽനിയോതെറാപ്പിയുമായി ബന്ധപ്പെടുത്തിയാണ് സ്പാ എന്ന ആശയത്തെ പണ്ടു കാലം മുതൽ പറഞ്ഞു പോരുന്നത്.
പ്രകൃതദത്തമായ ജലം ഉപയോഗിച്ച് ചില അസുഖങ്ങൾ സുഖപ്പെടുത്താൻ സാധിക്കുമെന്നുള്ള വിശ്വാസം മധ്യകാല യൂറോപ്പിൽ നിലനിന്നിരുന്നു.
നീരുറവകൾ ഉണ്ടായിരുന്ന പ്രദേശങ്ങളിലായിരുന്നു അത്തരത്തിലുള്ള ചികിത്സകൾ ചെയ്തിരുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളെയാണ് പൊതുവേ സ്പാ എന്ന പേരിൽ വിളിച്ചിരുന്നത്.
സ്പാ എന്നത് ബെൽജിയത്തിലെ ഒരു പട്ടണത്തിന്റെ (സ്പാ ടൗണ്‍) പേരായിരുന്നു. നീരുറവകളാൽ സന്പന്നമായ ആ പ്രദേശം റോമൻ കാലഘട്ടം തൊട്ടേ പ്രസിദ്ധമായിരുന്നു.
റോമൻ പട്ടാളക്കാർ ഈ നീരുറവകളിലെ ജലം മാംസപേശികൾക്കുണ്ടാക്കുന്ന വേദന, യുദ്ധങ്ങളിൽ നിന്നുണ്ടായിട്ടുള്ള മുറിവുകൾ എന്നിവ ചികിത്സിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഈ നീരുറവകളിലെ ജലം ഉപയോഗിക്കുന്നതിനായി ഈ സ്പാ പട്ടണത്തിലേക്ക് യാത്ര പോകുന്ന പതിവും അന്നുണ്ടായിരുന്നു.
കാലക്രമേണ സ്പാ ടൗണിലേക്കുള്ള യാത്ര എന്നാൽ ജലം ഉപയോഗിച്ചുള്ള ചികിത്സക്കായി പോവുക എന്നായി മാറി. അങ്ങനെയാണ് വാട്ടർ ട്രീറ്റ്മെന്റ് എന്നതിനു പകരം സ്പാ എന്നു മാത്രം പറയുന്ന രീതിയിലേക്ക് മാറിയതും.
(തുടരും)
അമിത മേക്കപ്പ്, അല്പ വസ്ത്രം! മറയൊരുക്കി മസാജിംഗ്; അടച്ചിട്ട മുറികളിൽ നടക്കുന്നത്…
മറയൊരുക്കി മസാജിംഗ് ! കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി; ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ…