പുരാവസ്തു ശേഖരത്തിന്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പിടിയിലായ മോന്സണ് മാവുങ്കലിനെക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത്.
സാമ്പത്തിക തട്ടിപ്പിനു പുറമേ സ്വര്ണക്കടത്തിലും മനുഷ്യക്കടത്തിലും ഇയാള്ക്ക് പങ്കുണ്ടെന്നാണ് പരാതി നല്കി ഷാജി ചെറായില് ആരോപിക്കുന്നത്.
2017 ജൂണ് മുതല് 2020 നവംബര് വരെയുള്ള കാലയളവില് 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഗള്ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്ക്കു പുരാവസ്തുക്കള് നല്കിയതിലൂടെ തന്റെ അക്കൗണ്ടില് 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്സന് ആളുകളെ തട്ടിപ്പില് വീഴ്ത്തിയിരുന്നത്.
സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്സണിന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള് ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.
ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്വാണിഭവും പ്രായപൂര്ത്തിയാകാത്തെ പെണ്കുട്ടികളെ ഉപയോഗിച്ച് മസാജിംഗും നടക്കുന്നതായും പരാതിക്കാരന് പറയുന്നു.
മോന്സണിന്റെ കൊച്ചിയിലെ വീട്ടില് സന്ദര്ശനം നടത്തിയപ്പോള് അവിടെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ കണ്ടെന്നും ഇയാള് പറയുന്നു.
15 വയസ്സുള്ള പെണ്കുട്ടികളെ ഉപയോഗിച്ച് മസാജിങ് നടക്കുന്നുണ്ടെന്ന് ഡ്രൈവറായിരുന്ന അജിത്തും പറഞ്ഞിട്ടുണ്ട്. പ്രമുഖരടക്കം മോന്സണിന്റെ വീട്ടില് വന്നുപോയിട്ടുമുണ്ട്.
ഇതെല്ലാം പോലീസിനറിയാമെങ്കിലും ഉന്നതല ഇടപെടലില് ഇതെല്ലാം മുക്കുകയായിരുന്നുവെന്ന് ഷാജി ആരോപിക്കുന്നു. മോന്സണിന്റെ വീട്ടില് രാത്രിസമയങ്ങളില് വാഹനങ്ങള് വന്നുപോകുന്നതായി നാട്ടുകാരും പറഞ്ഞിട്ടുണ്ട്.
പഠിപ്പിക്കാനെന്ന വ്യാജേന പാവപ്പെട്ട പെണ്കുട്ടികളെ മോന്സണ് ചെന്നൈയില് താമസിപ്പിച്ചിരുന്നു. ഇവിടേക്ക് മോന്സണ് ഇടയ്ക്കിടെ പോകാറുണ്ടെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്.
സ്വര്ണക്കടത്തിലും ഇയാള്ക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതുസംബന്ധിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. സുന്ദരികളായ യുവതികളാണ് മോന്സണിന്റെ സ്റ്റാഫിലുണ്ടായിരുന്നതെന്നും സിനിമാ നടിമാരുമായും ഇയാള്ക്ക് ബന്ധമുണ്ടായിരുന്നതായും പരാതിക്കാരന് ആരോപിക്കുന്നു.
മോന്സണ് അമൂല്യ വസ്തുക്കളായി അവതരിപ്പിച്ച പുരാവസ്തുക്കള് ദുബായിലെയും ഖത്തറിലെയും രാജകുടുംബാംഗങ്ങള്ക്ക് വില്ക്കാനായി ചിലര് തയ്യാറായപ്പോള് അവര് കാലപ്പഴക്കം തെളിയിക്കുന്ന രേഖകള് ചോദിക്കുകയായിരുന്നു.
എന്നാല്, ഈ രേഖ മോന്സന് നല്കിയില്ല. പകരം നല്കിയത്, ഈ വസ്തുക്കള്ക്കു സുരക്ഷ ഏര്പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ഒപ്പിട്ടു നല്കിയ രേഖയാണ്.
അതിനിടെ, തിരുവനന്തപുരം കിളിമാനൂരിലും മോന്സണ് പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിളിമാനൂരിലെ സന്തോഷ് എന്നയാള് മുഖേനെയാണ് ഇവിടങ്ങളില് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
സന്തോഷ് മോന്സണിന്റെ കൂട്ടാളിയാണെന്നും ഇയാള്ക്ക് എല്ലാസഹായവും ചെയ്തുനല്കിയതെന്ന് മോന്സണാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു ബിസിനസ് ലാഭമുള്ള പരിപാടിയാണെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില് നിന്നായി ലക്ഷക്കണക്കിന് രൂപയാണ് സന്തോഷും മോന്സണും ചേര്ന്ന് പിരിച്ചെടുത്തത്.
പലര്ക്കും മാസങ്ങളോളം പലിശയായി ഒരുവിഹിതവും നല്കി. എന്നാല് പിന്നീട് ഇത് മുടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നല്കിയവര്ക്ക് ബോധ്യപ്പെട്ടത്.
ചെറിയ തുക മുടക്കിയവര്ക്ക് മോന്സണിന്റെ കൊച്ചിയിലെ വീട്ടില് വെച്ച് സന്തോഷ് പണം തിരികെ നല്കിയിരുന്നു.മോന്സണിന്റെ വീട്ടില്നിന്നെടുത്ത സന്തോഷിന്റെ ചില ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. വര്ഷങ്ങള്ക്ക് മുമ്പേ കിളിമാനൂരില്നിന്ന് മുങ്ങിയ സന്തോഷിനെതിരേ ഏതാനും പരാതികള് മാത്രമാണ് നിലവിലുള്ളത്.
നാണക്കേട് ഭയന്ന് പലരും പരാതി നല്കിയിട്ടില്ല. സന്തോഷിന്റെ കൈവശമുണ്ടായിരുന്ന പുരാവസ്തു ശേഖരമെല്ലാം മോന്സന് സ്വന്തമാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മോന്സണിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികള് തുടരുകയാണ്.