സീമ മോഹൻലാൽ
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുന്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ മതിലിൽ വലിയ അക്ഷരത്തിലെഴുതിയിരിക്കുന്ന നെക്ക് പെയിൻ റിലീഫ് മസാജ് എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്.
വർഷങ്ങളായി കഴുത്തുവേദന മൂലം വിഷമിക്കുന്ന ലക്ഷ്മി ആ നന്പറിലേക്ക് വിളിച്ചു. ഫോണ്‍ എടുത്ത പെണ്‍കുട്ടി ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ റേറ്റും സേവനങ്ങളും പറഞ്ഞു.
സ്ത്രീകൾതന്നെയല്ലേ മസാജ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്പായാണെന്നായിരുന്നു മറുപടി.
ലൊക്കേഷനും അയച്ചുകൊടുത്തു. അപ്പോയിന്റ്മെന്റ് എടുത്ത ലക്ഷ്മി സഹപ്രവർത്തകയായ അധ്യാപികയ്ക്കൊപ്പം അവിടെയെത്തി.
ആഡംബരരീതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്പായിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂർ നേരമായിരുന്നു കഴുത്തിലെ മസാജ്.
മസാജ് പൂർത്തിയാകാനുളള സമയമായപ്പോൾ തെറാപ്പിസ്റ്റായ പെണ്‍കുട്ടി ലക്ഷ്മിയോട് മാഡം, മറ്റെന്തെങ്കിലും സേവനം വേണോയെന്നു ചോദിച്ചു.
ഇതുകൊണ്ട് കഴുത്തുവേദന കുറഞ്ഞാൽ മതിയെന്നു ലക്ഷ്മി പറഞ്ഞു. ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണെന്നും ഇവിടെ വരുന്ന സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ തങ്ങളുടെ മറ്റ് സ്പാകളിൽ അതിനുള്ള അവസരം ഉണ്ടെന്നും കാര്യങ്ങൾ സേഫ് ആണെന്നും ആ പെണ്‍കുട്ടി വ്യക്തമാക്കി.
കാൻവാസിംഗിനും പെൺകുട്ടികൾ
മറൈൻഡ്രൈവിലെ മഴവിൽപ്പാലത്തിനടുത്തായി കൂട്ടുകാരിക്കൊപ്പം ഇരിക്കുന്പോഴാണ് മോഡേണ്‍ വസ്ത്രങ്ങൾ ധരിച്ച രണ്ടു പെണ്‍കുട്ടികൾ അടുത്ത് വന്നിരുന്നത്.
ഏതോ കോളജിലെ വിദ്യാർഥിനികളായിരിക്കുമെന്ന ധാരണയിൽ ഞങ്ങൾ ശ്രദ്ധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞു ചേച്ചീ ഇവിടെ അടുത്ത് ബിരിയാണി കിട്ടുന്ന നല്ല ഹോട്ടലുണ്ടോയെന്നു ചോദിച്ചു പെണ്‍കുട്ടികളിലൊരാൾ അടുത്തു കൂടി.
മലപ്പുറത്തുകാരാണെന്നും ഇവിടെ ഫാഷൻ ടെക്നോളജിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് പെണ്‍കുട്ടികൾ തങ്ങളുടെ വിശേഷങ്ങൾ വാതോരാതെ പറഞ്ഞു.
ഞങ്ങൾ അൽപം കൂടി മോഡേണാകണമെന്നായി അതിലൊരാൾ. തുടർന്ന് ഞങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലായി ഇരുവരും.
ബ്യൂട്ടിപാർലറിൽ പോകാറില്ലെന്നുള്ള ഞങ്ങളുടെ മറുപടിയിൽ അവർ ബാഗിൽനിന്ന് ഒരു ബ്രോഷർ എടുത്തു കാണിച്ചു.
നഗരത്തിലെ ഒരു ബ്യൂട്ടിപാർലറിന്റെ കാർഡായിരുന്നു അത്. ബ്യൂട്ടി പാർലറിന്റെ മറവിൽ നടത്തുന്ന ആ സ്പായിൽ ക്രോസ് മസാജ് മുതൽ ഹാപ്പി എൻഡിംഗ് വരെയുള്ള സർവീസസാണ് ഒരുക്കിയിരിക്കുന്നത്.
അതും ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനത്തോടെ. ഇതിലൊന്നും താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ എന്നാൽ നോർമൽ മസാജോ ഫേഷ്യലോ ആകാമെന്നായി. ദേഷ്യപ്പെട്ട് സംസാരിച്ചതോടെയാണ് അവർ ഒഴിവായത്.
കണക്ടഡ് സർവീസ്
ഇന്റർനെറ്റിൽ കാണുന്ന ഏതെങ്കിലും സ്പാകളുടെ നന്പറിലേക്ക് അവിടത്തെ സേവനത്തെക്കുറിച്ച് അറിയാൻ വിളിച്ചാൽ ആ ഫോണ്‍കോൾ കട്ട് ചെയ്ത് അഞ്ചു മിനിറ്റ് തികയും മുന്‍പേ അടുത്ത സ്പായിൽനിന്ന് കോൾ എത്തും;
അവരുടെ സേവനങ്ങളെക്കുറിച്ച് പറയാനായി. നന്പർ എങ്ങനെ കിട്ടിയെന്നു ചോദിച്ചാൽ ഞങ്ങളുടേത് കണക്ടഡ് സർവീസാണെന്നാണ് മറുപടി. സേഫ് സർവീസ് എന്നുള്ള വാഗ്ദാനമാണ് എല്ലാ സ്പാകളും മുന്നോട്ടുവയ്ക്കുന്നത്.
ഡോർ ടു ഡോർ സർവീസ്
സ്പായിൽ വരാൻ മടിക്കുന്നവർക്കായി ഡോർ ടു ഡോർ മസാജിംഗ് സർവീസ് ഒരുക്കുന്ന സ്പാകളും മസാജിംഗ് സെന്ററുകളും കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പുരുഷൻമാർക്ക് സ്ത്രീകളും സ്ത്രീകൾക്ക് പുരുഷൻമാരും വീട്ടിലോ ഹോട്ടലുകളിലോ എത്തി സർവീസ് നടത്തി മടങ്ങുന്നതാണ് രീതി.
ക്രോസ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ക്രോസ് മസാജിംഗിന് റേറ്റ് അൽപം കൂടുമെന്നു മാത്രം.
ലൈസൻസുള്ള സ്പാകൾക്ക് വെല്ലുവിളി
നല്ല രീതിയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പാകൾക്കും മസാജിംഗ് സെന്ററുകൾക്കും ഇത്തരം വ്യാജൻമാർ ഒരുക്കുന്ന വെല്ലുവിളി നിസാരമല്ല.
പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന സ്പായിലെ പീഡന കഥകൾ മൂലം പലരും ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പായിലേക്ക് വരാനും മടിക്കുന്നുണ്ടെന്ന് സ്പാ ഉടമകൾ പറയുന്നു.
പോലീസിന്റെ കൈയിൽ കണക്കില്ല
കൊച്ചിപോലുളള മെട്രോ നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾ കൂണുപോലെ അനുദിനം മുളച്ചുപൊന്തുന്പോഴും ഇവയെക്കുറിച്ച് കൊച്ചി സിറ്റി പോലീസിന്റെ കൈയിൽ കണക്കുകൾ ഇല്ലെന്നതാണു വസ്തുത.
മസാജിംഗ് സെന്ററുകളിൽ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഉണ്ടാകുന്പോൾ മാത്രമാണ് വഴിപാട് എന്ന രീതിയിൽ പോലീസ് ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഇടപ്പള്ളിയിലെ ഒരു ടാറ്റൂ സെന്ററിൽ ടാറ്റൂ ചെയ്യുന്നതിനിടയിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയിൽ ടാറ്റൂ സെന്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചേരാനല്ലൂർ പോലീസും പാലാരിവട്ടം പോലീസും ഇയാൾക്കെതിരേ ആറു കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി.
ആ പീഡന പരാതി ഉയർന്നതിനു പിന്നാലെ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശത്തെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ.അഭിലാഷിന്റെ നേതൃത്വത്തിൽ സ്പാകളുടെയും മസാജ് സെന്ററുകളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അനധികൃതമായി മസാജിംഗ് പാർലറുകളും സ്പാകളും കൊച്ചി നഗരത്തിൽ വർധിച്ചതായിട്ടായിരുന്നു സ്പെഷൽബ്രാഞ്ച് റിപ്പോർട്ട്. ഇതിൽ ഏകദേശം 80 സ്പാകളും മസാജ് സെന്ററുകളുമാണ് നിയമാനുസൃതം പ്രവർത്തിക്കുന്നതെന്നാണ് സ്പെഷൽബ്രാഞ്ച് എസി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ നിലവിൽ എറണാകുളം നഗരത്തിൽ എത്ര സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിറ്റി പോലീസിന് അറിയില്ല.
പാലാരിവട്ടം സ്റ്റേഷൻ പരിധിയിലുള്ള സ്പായിൽ യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായതോടെ പോലീസ് വീണ്ടും കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ സ്പാകളുടെ എണ്ണത്തെക്കുറിച്ച് കണക്കുകൾ ശേഖരിക്കുകയാണെന്നും രണ്ടു ദിവസത്തിനകം കണക്കെടുപ്പ് പൂർത്തിയാകുമെന്നുമാണ് കൊച്ചി ഡിസിപി എസ്. ശശിധരൻ പറഞ്ഞത്.
അതേസമയം അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചി നഗരത്തിൽ 700 ഓളം സ്പാകളും മസാജിംഗ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
അവിടങ്ങളിൽ പലതിലും നടക്കുന്നതാകട്ടെ സാംസ്കാരിക കേരളത്തിന് ഒട്ടും ദഹിക്കാത്ത കാര്യങ്ങളും. നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ സ്പാകൾ വൻ വിപത്തായി മാറിയേക്കാം.
(അവസാനിച്ചു)
മറയൊരുക്കി മസാജിംഗ് ! കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി; ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ…
അമിത മേക്കപ്പ്, അല്പ വസ്ത്രം! മറയൊരുക്കി മസാജിംഗ്; അടച്ചിട്ട മുറികളിൽ നടക്കുന്നത്…
മാനസിക പിരിമുറുക്കം കുറയ്ക്കാൻ മസാജിംഗ്! പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ…
മസാജ് വിത്ത് ഹാപ്പി എൻഡിംഗ് ! മണിക്കൂറിന് 4,000 രൂപ വരെ, തെറാപ്പിസ്റ്റിനെ സെലക്ട് ചെയ്യാം, ടിപ്പാണ് മുഖ്യം; സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്…
മക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ…! പ്രായത്തിൽ പ്രശ്നമില്ല; എല്ലാം ഭർത്താവ് അറിഞ്ഞുകൊണ്ട്…