കന്യാദാൻ യോജന പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ സമൂഹ വിവാഹം നടന്നു. വിവാഹത്തിനായി ഒരു യുവാവും യുവതിയും എത്തിച്ചേർന്നു. എന്നാൽ ഇരുവരും വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു തയാറായില്ല. സിന്ദൂരം ചാർത്തുന്നതിനോ മാല ഇടുന്നതിനോ ഇരുവരും തയാറാകാതെ വന്നതോടെ സംഘാടകർക്ക് സംശയമായി. അതോടെ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്.
ഇവരുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്. 2025 ഫെബ്രുവരിയിൽ വിവാഹം നടത്താനാണ് ഉദ്ദേശം. എന്നിരുന്നാലും ഈ സമൂഹവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഖച്റോഡ് പഞ്ചായത്താ തങ്ങളോട് ആവശ്യപ്പെട്ടു.
അതനുസരിച്ചാണ് ഇവിടെ എത്തിയതെന്ന് ഇവർ പറഞ്ഞു. കൂടാതെ ഈ ചടങ്ങിൽ പങ്കെടുത്താൽ അതിലൂടെ മറ്റ് സമ്മാനങ്ങൾക്കൊപ്പം 49,000 -ത്തിന്റെ ചെക്കും ലഭിക്കും. അതിനാലാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു.
പരസ്പരം മാലയിടാൻ തയാറാണ്. എന്നാൽ, സിന്ദൂരം ചാർത്തുന്നതിനോ വലം വയ്ക്കുന്നതിനോ ഇപ്പോൾ പറ്റില്ല. അതെല്ലാം നിശ്ചയിച്ചുറപ്പിച്ച തങ്ങളുടെ വിവാഹദിനത്തിലേ ചെയ്യൂ എന്ന നിബന്ധന പഞ്ചായത്ത്കാരോട് ഇവർ പറഞ്ഞിരുന്നെന്നും യുവതിയും യുവാവും കൂട്ടിച്ചേർത്തു.