1975ലെ അടിയന്തരാവസ്ഥ കാലത്തും ഇന്ദിരാ ഗാന്ധി മസ്താനെ അകത്താക്കി. അന്നു ജയിലിൽ ജയപ്രകാശ് നാരായണനെ മസ്താൻ പരിചയപ്പെട്ടു. അന്നാദ്യമായി താനൊരു രാഷ്ട്രീയക്കാരനല്ലാത്തതിൽ മസ്താനു നിരാശ തോന്നി.
ജയിൽ ജീവിതം മസ്താനിൽ വലിയ മനം മാറ്റം വരുത്തി. 18 മാസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ മസ്താൻ താനിനി ഒരിക്കലും അധോലോകത്തിലേക്ക് ഇല്ലെന്നു തീരുമാനിച്ചു.
അവിടെനിന്നു നേരെ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ മസ്താനെ എല്ലാവരും ഹാജി മസ്താൻ എന്നു വിളിച്ചു തുടങ്ങി.
അധോലോകം വിടുന്നു
1980കൾ ആയതോടെ ദാവൂദ് ഇബ്രാഹിം മറ്റൊരു അധോലോക നായകനായി മുംബൈ അധോലോകത്തു ചുവടുറപ്പിച്ചു തുടങ്ങിയിരുന്നു. മസ്താനെപ്പോലെ ആയിരുന്നില്ല ദാവൂദിന്റെ രീതികൾ. ചോരയ്ക്കു ചോര എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈൻ.
എല്ലാവരെയും കൂട്ടിപ്പിടിച്ചും യോജിപ്പിച്ചുമൊക്കെ മസ്താൻ നടത്തി വന്ന കള്ളക്കടത്തല്ല പിന്നീടു മുംബൈ കണ്ടത്. തോക്കുകൾ ഉപയോഗിച്ചും ചോര ചീന്തിയുമുള്ള കളികളിലേക്കു മുംബൈയിലെ അധോലോകം മാറാൻ തുടങ്ങി.
എങ്കിലും മസ്താനുമായി നല്ല സൗഹൃദത്തിലായിരുന്നു ദാവൂദ് ഇബ്രാഹിം. മസ്താന്റെ അധോലോകത്തുനിന്നുള്ള പിൻമാറ്റം ഏറ്റവും ഗുണപ്പെട്ടതു ദാവൂദിനായിരുന്നു.
മസ്താന്റെ അരങ്ങുവാണിരുന്ന സാമ്രാജ്യങ്ങൾ ഒന്നൊന്നായി ദാവൂദിലേക്കു വന്നു ചേരുന്നതാണ് പിന്നീടു കണ്ടത്. ഹാജി മസ്താന്റെ അനുയായി എന്ന നിലയിൽ ദാവൂദ് പിന്നീടു മാറുകയും അധോലോകം കൈപ്പിടിയിലാക്കുകയും ചെയ്തു.
രാഷ്ട്രീയത്തിലേക്ക്
ജയിലിൽ കിടന്നപ്പോൾ കിട്ടിയ ബോധോദയം ആയിരിക്കാം വൈകാതെ രാഷ്ട്രീയത്തിൽ ഒരു കൈ പയറ്റാൻ മസ്താൻ തീരുമാനിച്ചു. ദളിതർക്കും മുസ്ലിംങ്ങൾക്കുമായി ദളിത് മുസ്ലിം സുരക്ഷാ മഹാസംഘ് എന്ന പേരിൽ ഒരു പാർട്ടി മസ്താൻ തട്ടിക്കൂട്ടി.
രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയെങ്കിലും അതു വേണ്ടത്ര വിജയിച്ചില്ല. 1990ൽ പാർട്ടിയുടെ പേര് ഇന്ത്യൻ ന്യൂനപക്ഷ ഫെഡറേഷൻ എന്നാക്കി മാറ്റി.
ബോളിവുഡ് സൂപ്പർ താരം ദിലീപ് കുമാർ ഈ പാർട്ടിക്കു വളരെയധികം പ്രചാരണം നൽകി. മുംബൈ, കോൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിൽ നടന്ന നാഗരിക തെരഞ്ഞെടുപ്പിൽ ഈ പാർട്ടി മത്സരിച്ചു. എന്നാൽ, വിജയം നേടാനായില്ല.
“പൊളിറ്റിക്സ് ഈസ് ദി ലാസ്റ്റ് റിസോർട്ട് ഓഫ് എ സ്കൗണ്ട്രൽ’- “രാഷ്ട്രീയമാണ് എല്ലാ തെമ്മാടികളുടെയും അന്തിമാശ്രയം’ – എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മസ്താന്റെ രാഷ്ട്രീയ പ്രവേശം.
പ്രതിച്ഛായ മാറിയില്ല
ഒരു കള്ളക്കടത്തുകാരൻ എന്ന തന്റെ പ്രതിച്ഛായ തേച്ചു മായ്ച്ചു കളയാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു മസ്താൻ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്നത്.
സിനിമാ നിർമാതാവായും സാമൂഹ്യ പ്രവർത്തകനായും രാഷ്ട്രീയക്കാരനായും ഒക്കെ അറിയപ്പെടാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു നോക്കിയെങ്കിലും ബോംബെക്കാർ അദ്ദേഹത്തെ പണ്ടേക്കുപണ്ടേ പ്രതിഷ്ഠിച്ച ഡോൺ സ്ഥാനത്തുനിന്നു താഴെയിറക്കാൻ തയാറായില്ല
. ബോംബെക്കാർക്കു ഹാജി മസ്താൻ ബഡാ ഡോൺ ആയിരുന്നു. ബെ അധോലോകം അടക്കി ഭരിച്ചിരുന്നപ്പോഴും നിരുപദ്രവകരമായ ബിസിനസുകളിലാണ് മസ്താൻ ഏർപ്പെട്ടിരുന്നത്. മയക്കുമരുന്ന് കടത്ത് അയാൾ നടത്തിയിട്ടേയില്ല. ക്വട്ടേഷൻ കൂലിത്തല്ലിനും എതിരായിരുന്നു.
ബഡാ ഡോൺ എന്ന പേരു ചാർത്തി നൽകിയെങ്കിലും ഒരിക്കലും ജനങ്ങൾ അയാളെ വെറുത്തിരുന്നില്ല. കാരണം മസ്താന്റെ ജീവിതം അങ്ങനെയായിരുന്നു. 1994 ജൂൺ 25ന് ഹൃദയസ്തംഭനത്തെത്തുടർന്നാണ് മസ്താൻ മരിക്കുന്നത്.