രുചിക്കൂട്ടുകളുടെ റാണി, മസ്താനമ്മ മുത്തശ്ശി ഇനി ഓര്‍മ! പാചക വീഡിയോകളിലൂടെ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മുത്തശ്ശി വിടവാങ്ങിയത് 107 ാം വയസില്‍; വീഡിയോ

സോഷ്യല്‍മീഡിയയിലൂടെ രുചി വൈവിധ്യങ്ങളുടെ കലവറ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച മസ്താനമ്മ മുത്തശ്ശി 107 ാമത്തെ വയസില്‍ വിടവാങ്ങി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്‌സില്‍ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്.

പ്രാദേശിക രുചിഭേദങ്ങള്‍ നാടന്‍ രീതിയില്‍ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങളും ആരാധകരെയും സ്വന്തമാക്കിയിരുന്നു. 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. കോടിക്കണക്കിന് ആളുകളാണ് അമ്മൂമ്മയുടേതായി പുറത്തു വരുന്ന ഓരോ വീഡിയോയും കാണുന്നത്.

അതേ തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വിഡിയോകളും വന്നു. എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു. തണ്ണിമത്തന്‍ ചിക്കന്‍ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകള്‍ ഏറെ കൈയടി മേടിച്ചു. ആന്ധ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്. പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു.

ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. മസ്താനമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള വീഡിയോയും അനേകമാളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

https://youtu.be/VfCtD_J4i6U

Related posts