കെഎസ്ആര്ടിസി ബസില് നഗ്നതാ പ്രദര്ശനം നടത്തിയതിന് അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ച ശേഷം നല്കിയ സ്വീകരണത്തെ വിമര്ശിച്ച് പരാതിക്കാരി.
പ്രതിക്ക് സ്വീകരണം നല്കിയതില് ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തില് വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
”സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാന് അയാള് എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്ടിസിയില് വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.
അയാള് ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില് ശരി. ഇതു ജാമ്യത്തില് ഇറങ്ങിയ അവനോട് ‘ഞങ്ങള് കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്.
എന്തിനാണ് കൂടെയുള്ളത് ? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘര്ഷത്തിലാക്കി. എന്റെ ഇന്സ്റ്റഗ്രാം പേജില് വന്നു തുടര്ച്ചയായി മോശം പരാമര്ശം നടത്തുകയാണ്.
എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടില് തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില് എനിക്ക് ലഭിച്ചത്.”പരാതിക്കാരി പറഞ്ഞു.
സംഭവത്തില് നിയമപോരാട്ടം തുടരുമെന്നും അവര് വ്യക്തമാക്കി. കേസില് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവില് സവാദിന് (27) ശനിയാഴ്ചയാണ് ഓള് കേരള മെന്സ് അസോസിയേഷന് സ്വീകരണം നല്കിയത്.
പ്രസിഡന്റ് വട്ടിയൂര്ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നല്കിയത്.
ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജില് പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില് പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില് കാണാം.
‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്കിയത്. തുടര്ന്ന് സവാദ് വാഹനത്തില് കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.