മാസ്റ്റർപീസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ബിഗ് ബജറ്റ് സിനിമയുടെ പുതിയൊരു അധ്യായം കൂടി തുടങ്ങുകയാണ്. ഉദയകൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം സാങ്കേതിക തികവിലും മാസ് ലുക്കിലും ഏത് തെന്നിന്ത്യൻ സിനിമയോടും കിടപിടിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. പതിനഞ്ചു കോടിയുടെ മുതൽ മുടക്കിൽ റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദാണ് മാസ്റ്റർപീസ് നിർമിച്ചിരിക്കുന്നത്.
പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥ എന്നത് മാസ്റ്റർ പീസിന്റെ ഹൈലൈറ്റാണ്. അതുകൊണ്ടു തന്നെ വമ്പൻ താരനിരയെയാണ് ചിത്രം അണിനിരത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മക്ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷ്മി, ശരത്കുമാർ, പൂനം ബജ്വ തുടങ്ങി നിരവധി യുവതാരങ്ങൾ ചിത്രത്തിലുണ്ട്. കാന്പസ് പശ്ചാത്തലമാകുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്.മമ്മൂട്ടി പങ്കെടുക്കുന്ന സംഘട്ടന രംഗങ്ങൾ അഞ്ച് ആക്ഷൻ കോറിയോഗ്രാഫർമാരാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.
മാസ്റ്റർ ഓഫ് മാസസ് എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം മാസ് ആകുന്നത് ഇങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. മാസ്റ്റർ പീസിലൂടെ നിർമ്മാണ രംഗത്തേക്ക് എത്തുന്ന റോയൽ സിനിമാസും പ്രതീക്ഷയിൽ തന്നെയാണ്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് കാന്പസിലെത്തുന്നു എന്നത് തന്നെയാണ് മാസ്റ്റർ പീസിന്റെ ഹൈലൈറ്റ്. ഒരു മാസ് സിനിമയ്ക്ക് വേണ്ട എല്ലാ സാധ്യതകളും ഒരുക്കിക്കൊണ്ടാണ് മാസ്റ്റർ പീസ് ഒരുക്കുന്നത്. ഒപ്പം മമ്മൂട്ടി എന്ന നടനെ സ്നേഹിച്ചെത്തുന്ന കുടുംബ പ്രേക്ഷകർക്കും ഈ സിനിമ പ്രിയപ്പെട്ടതാകും, ചിത്രത്തിന്റെ നിർമാതാവ് സി.എച്ച്. മുഹമ്മദ് പറഞ്ഞു.