കോട്ടയം: പത്ത് മാസക്കാലം നിശബ്ദമായി കിടന്ന കൊട്ടകകളിൽ നിന്നും ആർപ്പും ആരവവവും ആഘോഷങ്ങളും ഉയർന്നു. പാട്ടും ആട്ടവും മേളവും വർണപ്പൊലിമയും ചാർത്തി വെള്ളിത്തിരയിൽ മിന്നും കാഴ്ചകൾ വീണ്ടും പതിഞ്ഞപ്പോൾ സിനിമാ പ്രേമികൾ ആവേശത്തിലായി.
വീണ്ടുമൊരു ഉത്സവകാലത്തിലേക്കു തിരികെ എത്തുകയായിരുന്നു ഇന്നു രാവിലെ മാസ്റ്റർ റിലീസ് ചെയ്ത തിയറ്ററുകളിൽ. ആർപ്പുവിളികളും മാസ്റ്ററിലെ നായകൻ തമിഴ് നടൻ വിജയുടെ ആരാധകർ ഒത്തു ചേർന്നതിന്റെ ആഹ്ലാട പ്രകടനങ്ങളും രാവിലെ തന്നെ തിയറ്ററുകളുടെ മുന്നിൽ തുടങ്ങിയിരുന്നു.
ഇന്നലെ രാത്രിയിൽ തന്നെ സ്ഥാപിച്ച താരത്തിന്റെ വന്പൻ കട്ടൗട്ടുകളിൽ പാലഭിഷേകവും പുഷ്പവൃഷ്ടിയും രാവിലെ എട്ടിനു തന്നെ ആരംഭിച്ചു.
വന്പൻ റിലീസ്
തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തിയ മാസ്റ്റർ ജില്ലയിൽ 10 കേന്ദ്രങ്ങളിലായി 24 തിയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ദിവസം മൂന്നു ഷോയാണ് ഇന്നു കളിക്കുന്നത്. രാവിലെ ഒന്പതിനുള്ള ഷോ ഫാൻസുകാർക്കുള്ളതായിരുന്നു.
സിനിമാ മേഖലയുടെ തന്നെ നിലനിൽപിനു അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തെ ആകർഷിക്കത്തക്ക വിധത്തിലുള്ള ഫോർമുലകളുമായാണ് ചിത്രം തിയറ്ററിലെത്തിയിരിക്കുന്നത്. കേരളത്തിൽ ഏറെ ആരാധകരുള്ള വിജയും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ആകർഷക ഘടകങേങളിലൊന്ന്.
സജ്ജീകരണങ്ങൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു പ്രദർശനത്തിനു തിയറ്ററുകൾ സജ്ജമായത്. മുന്പു തന്നെ തിയറ്ററുകളിൽ ട്രയൽ റണ്ണും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പൊടിപിടിച്ചു കിടന്ന സീറ്റുകളും ടിക്കറ്റ് കൗണ്ടറുകളും വൃത്തിയാക്കി.
ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കാൻ സീറ്റുകൾ റിബണ് കെട്ടി വേർതിരിച്ചിട്ടുണ്ട്. കുട്ടികളാണെങ്കിലും ഇങ്ങനെയേ ഇരിക്കാൻ അനുവദിക്കുകയുള്ളു. ടിക്കറ്റ് കൗണ്ടർ, തിയറ്റർ കവാടം എന്നിവിടങ്ങളിൽ സാനിറ്ററൈസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
സെക്കൻഡ് ഷോ ഉണ്ടായിരിക്കുന്നതല്ല. ഓരോ പ്രദർശനം കഴിയുന്പോഴും തിയറ്റർ ശുചീകരിച്ച് അണുവിമുക്തമാക്കും. ചില തിയറ്ററുകളിൽ തെർമൽ സ്കാനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാസ്റ്ററായി മാസ്റ്റർ
ചലച്ചിത്ര വ്യവസായത്തിനു തന്നെ ഒരു മാസ് ഓപണിംഗ് സമ്മാനിച്ച് മാസ്റ്ററായിരിക്കുകയാണ് തമിഴ് ചിത്രം മാസ്റ്റർ. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റു പോയത്.
ടിക്കറ്റു വാങ്ങാനും ഓണ്ലൈൻ ബുക്കിംഗിനും തിരക്ക് അനുഭവപ്പെട്ടു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ചില തിയറ്ററുകളിൽ ഇന്നു റിലീസില്ലാഞ്ഞത്. മാസ്റ്ററിന്റെ പ്രേക്ഷക സ്വീകാര്യത വരും നാളുകളിൽ മലയാള സിനിമാ റിലീസിനു പ്രചോദനമായിട്ടുണ്ട്. 21 മുതൽ മലയാള ചിത്രങ്ങൾ തിയറ്ററിലെത്തും.
സൂപ്പർ താര ചിത്രങ്ങൾ മുതൽ പുതുമുഖങ്ങളുടെ സിനിമകൾ വരെ മാർച്ച മാസത്തിനിടയിൽ റിലീസ് ചെയ്യാനുള്ള രൂപരേഖ തയാറാക്കുകയാണ് നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും.
ജയസൂര്യയുടെ വെള്ളം, വാങ്ക് എന്നീ മലയാള ചിത്രങ്ങളും ജാക്കിച്ചാന്റെ വിദേശ ചിത്രമായ വാൻഗാർഡ്, തമിഴിൽ നിന്നും ചിന്പുവിന്റെ ഈശ്വരൻ, സിബിരാജിന്റെ കപടധാരി എന്നീ ചിത്രങ്ങളും ഈ മാസം തന്നെ തിയറ്ററിലെത്തും.
ആഘോഷം മതിമറന്ന്
തിയറ്ററിനു പുറത്ത് ആദ്യ പ്രദർശനത്തിനു മുന്പ് ആരാധകർ ഒത്തു കൂടിയത് വലിയ ആൾക്കൂട്ടത്തെ സൃഷ്ടിച്ചു. ഫാൻസുകാർ ആഘോഷങ്ങളുടെ പെരുന്പറ മുഴക്കിയപ്പോൾ പലപ്പോഴും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും മറന്നു.
തിയറ്ററുകൾ വിട്ട് പുറത്തിറങ്ങുന്പോൾ വീണ്ടും വിജയാഹ്ലാദത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ആരാധകർ മറന്നു പോകുമെന്നാണ് വിലയിരുന്നത്. എങ്കിലും തിയറ്ററുകളിൽ ആവശ്യത്തിനു സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.