സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ തീയറ്ററുകൾ തുറക്കുക മാസ്റ്ററായിരിക്കും…13ന് റിലീസ് ചെയ്യുന്ന ഇളയദളപതി വിജയ് ചിത്രമായ മാസ്റ്റർ ആയിരിക്കും നീണ്ട ഇടവേളയ്ക്കു ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം.
അണുനശീകരണവും മറ്റും നടത്തി തീയറ്ററുകൾ അടുത്തയാഴ്ച തുറക്കുമെങ്കിലും മാസ്റ്ററായിരിക്കും പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.
തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള സിനിമയേതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസ് കാത്തിരിക്കുന്നുണ്ട്.
നിർമാതാക്കളും വിതരണക്കാരുമായി വരും ദിവസങ്ങളിൽ റിലീസ് സംബന്ധിച്ച് ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
തീയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരും ദിവസങ്ങളിലുണ്ടാകും.
അന്പതു ശതമാനം സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ അനുവദിക്കൂവെന്നും പരമാവധി 200 പേരെ പാടുള്ളുവെന്നും മറ്റുമുള്ള നിബന്ധനകളിൽ കുറേക്കൂടി വ്യക്തത വരാനുണ്ട്.
എസി ഉപയോഗിക്കുന്ന കാര്യത്തിലും തീരുമാനം വന്നിട്ടില്ല. വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ ഇളവുകൾ പ്രതീക്ഷിക്കുന്നതായും തീയറ്റർ ഉടമകൾ പറഞ്ഞു.
മാസ്റ്റർ കേരളത്തിൽ അറനൂറു തീയറ്ററുകളിലും റിലീസ് ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. വിജയ് ആരാധകർ മാത്രമല്ല കേരളത്തിലെ സിനിമ പ്രേമികളാകെ തീയറ്ററുകൾ തുറക്കുന്നതിൽ ആവേശത്തിലാണ്.