ജോണ്സണ് വേങ്ങത്തടം
കൊച്ചി: സാമൂഹ്യ ക്ഷേമ പെൻഷന്റെ പേരിൽ രോഗികളും അവശരുമായ വയോധികരെ സർക്കാർ വട്ടം കറക്കുന്നു. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു ബോധ്യപ്പെടുത്താൻവേണ്ടി, കയറിനിൽക്കാൻ പോലും ഇടമില്ലാത്ത അക്ഷയകേന്ദ്രങ്ങളുടെ വാതിക്കൽ പൊരിവെയിലിൽ മണിക്കൂറുകൾ കാത്തുനിന്നു ദുരിതം പേറുകയാണ് ജീവിതസായാഹ്നത്തിലെത്തി നിൽക്കുന്ന ഈ സാധുക്കൾ.
എല്ലാ രേഖകളും ഹാജരാക്കി, കണ്ണും കൈയും പതിപ്പിച്ചു ഗുണഭോക്താവ് ജീവനോടെയുണ്ടെന്ന് സർക്കാരിനെ ബോധ്യപ്പെടുത്താനാണ് ഈ പെടാപ്പാട്. വയോധികർ മാത്രമല്ല, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസിനു മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും ക്ഷേമനിധി ബോർഡിൽനിന്നു പെൻഷൻ വാങ്ങുന്നവരും അക്ഷയ കേന്ദ്രത്തിലെത്തി ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണം. ഈ മാസം 18ന് ആരംഭിച്ച മസ്റ്ററിംഗ് അടുത്ത മാസം 15വരെ നീണ്ടുനിൽക്കും.
പെൻഷൻ തുടർന്നു ലഭിക്കണമെങ്കിൽ അക്ഷയ കേന്ദ്രത്തിൽ ചെന്ന് നേരിട്ട് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് നിയമം. കയറിനിൽക്കാനോ ഇരിക്കാനോ സ്ഥലമില്ലാത്ത അക്ഷയ കേന്ദ്രങ്ങളുടെയെല്ലാം മുന്നിൽ ഇപ്പോൾ വയോധികരുടെ കൂട്ടമാണ്. സമയത്തിനു മരുന്നു പോലും കഴിക്കാൻ കഴിയാതെ, വെള്ളം മാത്രം കുടിച്ചുകൊണ്ടാണ് മണിക്കൂറുകൾ നീളുന്ന നില്പ്.
കിടപ്പുരോഗികൾക്കു മാത്രം വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. എന്നാൽ അതിനു പഞ്ചായത്ത് സെക്രട്ടറി കനിയണം. സെക്രട്ടറിക്കു അപേക്ഷ കൊടുത്ത് അനുമതി വാങ്ങണം.നൂറുകണക്കിന് ആളുകൾ നിറഞ്ഞുനിൽക്കുന്ന അക്ഷയകേന്ദ്രത്തിൽ 20 താഴെ ആളുകളുടെ മസ്റ്ററിംഗ് മാത്രമേ ഒരുദിവസം നടക്കാറുള്ളൂ. ബാക്കിയാളുകൾ വീണ്ടും വരണം.
പല അക്ഷയ കേന്ദ്രങ്ങളിലും സോഫ്റ്റ്വെയർ തകരാറും പ്രതിസന്ധി സൃഷ്ടിക്കുന്നു.